ടെഹ്റാൻ: ഇറാന്റെ എണ്ണ സമ്പത്തിനെ തകർക്കാനുള്ള അമേരിക്കൻ നീക്കങ്ങളെ പരിഹാസത്തോടെ തള്ളി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്. ഇറാനെ സാമ്പത്തികമായി തളർത്താമെന്ന യുഎസ് മോഹം വെറുതെയാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, വരും ദിവസങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ ‘എണ്ണ വില 140 ഡോളറിലെത്തും എന്ന മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അമേരിക്ക സൈനിക നടപടികൾ ആരംഭിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും ഇറാന്റെ ഒരു എണ്ണ ഉൽപ്പാദന കേന്ദ്രത്തിന് പോലും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഘാലിബാഫ് അവകാശപ്പെട്ടു. ഉപരോധം എത്ര നീണ്ടാലും ഇറാന്റെ എണ്ണക്കിണറുകളെ സ്പർശിക്കാൻ അമേരിക്കയ്ക്ക് കഴിയില്ല. എണ്ണ കേന്ദ്രങ്ങൾ സുരക്ഷിതമാണെന്ന് തെളിയിക്കാൻ വേണമെങ്കിൽ അവയുടെ തത്സമയ ദൃശ്യങ്ങൾ ലോകത്തിന് കാണിച്ചുതരാമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ ട്രഷറി സെക്രട്ടറിയുടെ സാമ്പത്തിക തന്ത്രങ്ങൾ തികഞ്ഞ പരാജയമാണെന്ന് പരിഹസിച്ച അദ്ദേഹം, ഇറാന്റെ കരുത്തിനെ അമേരിക്ക വിലകുറച്ചു കാണരുതെന്നും കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്ന സാഹചര്യത്തിൽ എണ്ണ വിപണിയെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ഈ പ്രസ്താവന ആഗോള സാമ്പത്തിക രംഗത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.