മുജ്തബ ഖമനയിയുടെ ആരോഗ്യനില അതീവ ഗുരുതരം; സംസാരിക്കാൻ പ്രയാസം, പ്ലാസ്റ്റിക് സർജറിക്ക് സാധ്യതയെന്ന് റിപ്പോർട്ട്

ന്യൂയോർക്ക്/ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകളുമായി ‘ദ ന്യൂയോർക്ക് ടൈംസ്’. ഖമനയിയുടെ മുഖം ഗുരുതരമായി പൊള്ളിയെന്നും ചുണ്ടുകൾക്കേറ്റ ക്ഷതം കാരണം സംസാരിക്കാൻ ബുദ്ധിമുട്ടുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മുഖത്ത് പ്ലാസ്റ്റിക് സർജറി ആവശ്യമായി വന്നേക്കുമെന്നാണ് സൂചന.ഒരു കാലിൽ മൂന്ന് തവണ ശസ്ത്രക്രിയ നടത്തി. ഒരു കൈയിലും ശസ്ത്രക്രിയ പൂർത്തിയാക്കി ചലനശേഷി വീണ്ടെടുത്തുവരുന്നു.

ഖമനയി നിലവിൽ കൃത്രിമ കാൽ വെക്കാനുള്ള തയ്യാറെടുപ്പിലാണ്. ദുർബലനായ രൂപത്തിൽ പൊതുജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. നിലവിൽ രഹസ്യ കേന്ദ്രത്തിൽ കഴിയുന്ന അദ്ദേഹത്തിന് സന്ദേശങ്ങൾ എത്തിക്കുന്നത് അതീവ സുരക്ഷാ സജ്ജീകരണങ്ങളോടെ സീൽ ചെയ്ത കവറുകളിലാണ്.ഇറാനിൽ ഭരണപരമായ തീരുമാനങ്ങൾ എടുക്കുന്നത് ഇപ്പോൾ സൈനിക നേതൃത്വമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് (IRGC) കമാൻഡർമാരാണ് യുദ്ധം, നയതന്ത്രം, സുരക്ഷ എന്നിവയിൽ അന്തിമ തീരുമാനമെടുക്കുന്നത്.

സൈനിക നേതൃത്വത്തിന്റെ എതിർപ്പ് മൂലമാണ് അമേരിക്കയുമായുള്ള രണ്ടാം ഘട്ട ചർച്ചകൾ നടക്കാതെ പോയത്. പ്രസിഡന്റ് മസൂദ് പെസഷ്കിയാനും വിദേശകാര്യമന്ത്രിയും ആഭ്യന്തര കാര്യങ്ങളിൽ മാത്രമായി ഒതുങ്ങുകയാണ്.ഇറാൻ യുദ്ധത്തെത്തുടർന്ന് അമേരിക്കയുടെ അത്യാധുനിക ആയുധശേഖരത്തിൽ വൻ ഇടിവുണ്ടായതായി പെന്റഗൺ വിലയിരുത്തുന്നു.

ചൈനയുമായോ റഷ്യയുമായോ ഉള്ള യുദ്ധത്തിനായി കരുതിയിരുന്ന JASSM-ER ക്രൂസ് മിസൈലുകളിൽ 1100 എണ്ണവും ഇറാൻ യുദ്ധത്തിന് ഉപയോഗിച്ചു. ഇനി കേവലം 1500 എണ്ണം മാത്രമാണ് ശേഷിക്കുന്നത്. ആയിരത്തിലധികം ടോമഹോക്ക് മിസൈലുകളും 1200 പാട്രിയട്ട് മിസൈലുകളും അമേരിക്ക ഉപയോഗിച്ചു കഴിഞ്ഞു. ഇത് പ്രതിവർഷം നിർമ്മിക്കുന്ന മിസൈലുകളുടെ പത്തിരട്ടിയോളമാണ്.ഒരു ടോമഹോക്ക് മിസൈലിന് 30.13 കോടി രൂപയും, പാട്രിയട്ട് മിസൈലിന് 33 കോടി രൂപയുമാണ് നിർമ്മാണ ചിലവ്. പശ്ചിമേഷ്യയിലെ സൈനിക സന്തുലിതാവസ്ഥയെത്തുടർന്ന് ആഗോളതലത്തിൽ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *