ഇറാൻ ഒരുങ്ങുന്നത് ‘മഹാപ്രതിരോധത്തിന്’; 1.4 കോടി പൗരന്മാർ പോർക്കളത്തിലേക്ക്; ട്രംപിന്റെ സമയപരിധി ഇന്ന് അവസാനിക്കുന്നു

ടെഹ്‌റാൻ: അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന പ്രഖ്യാപനവുമായി ഇറാൻ. മാതൃരാജ്യത്തെ സംരക്ഷിക്കാൻ സ്വന്തം ജീവൻ ബലിയർപ്പിക്കാൻ തയ്യാറായി 1.4 കോടി പൗരന്മാർ സന്നദ്ധത അറിയിച്ചതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ വെളിപ്പെടുത്തി. രാജ്യത്തിനായി ജീവൻ നൽകാൻ തയ്യാറായ ഈ പൗരന്മാരുടെ പട്ടികയിൽ ഒന്നാമനായി താനുണ്ടാകുമെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.

യുദ്ധം ആരംഭിച്ചത് മുതൽ ഇറാൻ നടപ്പിലാക്കി വരുന്ന ദേശീയ ക്യാമ്പയിനാണ് ‘ജൻഫദ’ (ജീവൻ ബലിയർപ്പിക്കുക). ഈ പദ്ധതിയനുസരിച്ച് സന്നദ്ധത അറിയിച്ച കോടിക്കണക്കിന് ആളുകൾ സൈന്യത്തിനൊപ്പം ചേരാൻ തയ്യാറായിക്കഴിഞ്ഞു. തന്ത്രപ്രധാനമായ വൈദ്യുതി നിലയങ്ങൾക്കും പാലങ്ങൾക്കും ചുറ്റും ‘മനുഷ്യച്ചങ്ങല’ തീർത്ത് ശത്രുവിന്റെ മിസൈലുകളെ പ്രതിരോധിക്കാനാണ് ഇറാനിയൻ ഭരണകൂടം യുവാക്കളോട് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ അന്ത്യശാസനത്തിന്റെ സമയപരിധി ഇന്ന് രാത്രി അവസാനിക്കുകയാണ്. നിശ്ചിത സമയത്തിനുള്ളിൽ കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ട്രംപ് ആവർത്തിച്ചു. സമാധാനത്തിനായി ഇറാൻ മുന്നോട്ടുവെച്ച പുതിയ നിർദ്ദേശങ്ങൾ വൈറ്റ് ഹൗസ് തള്ളിയിട്ടില്ലെങ്കിലും അവ പൂർണ്ണമായും തൃപ്തികരമല്ലെന്നാണ് അമേരിക്കൻ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *