കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വ്യക്തിപരമായ അധിക്ഷേപത്തിന് സമാനമായ ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് യോഗത്തിൽ രേവന്ത് റെഡ്ഡി നടത്തിയ ‘നീ പോ മോനേ വിജയാ’ എന്ന പരാമർശത്തിനാണ്, ‘ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്’ എന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചത്. രാഷ്ട്രീയ മര്യാദകൾ ലംഘിക്കുന്നവർക്ക് അതേ നാണയത്തിൽ തന്നെ മറുപടി നൽകുമെന്ന സൂചനയാണ് മുഖ്യമന്ത്രി നൽകിയത്.
“സാധാരണ നിലയിൽ പാലിക്കേണ്ട ചില മര്യാദകളുണ്ട്. തന്റെ ഇടപെടലുകൾ ആ മര്യാദയ്ക്ക് നിരക്കുന്നതാണോ എന്ന് അദ്ദേഹം സ്വയം ചിന്തിക്കട്ടെ. പരസ്യമായ അധിക്ഷേപത്തിന് പരസ്യമായിത്തന്നെ മറുപടി നൽകും. ഇപ്പോൾ കൂടുതൽ വിശദീകരിക്കുന്നില്ല, പക്ഷേ ഒന്നുമാത്രം പറയാം—ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്!” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനെത്തിയപ്പോഴാണ് കേരള മുഖ്യമന്ത്രിയെ രേവന്ത് റെഡ്ഡി പരിഹസിച്ചത്. കേരളത്തിന്റേത് വ്യാജ വികസനമാണെന്നും യഥാർത്ഥ വികസനം കാണാൻ തെലങ്കാനയിലേക്ക് വരണമെന്നുമായിരുന്നു റെഡ്ഡിയുടെ വെല്ലുവിളി. ഇതിനെതിരെ നീതി ആയോഗിന്റെ കൃത്യമായ കണക്കുകൾ നിരത്തി പിണറായി വിജയൻ നേരത്തെ ഫേസ്ബുക്കിലൂടെ മറുപടി നൽകിയിരുന്നു.
കേരളത്തെ അവഹേളിക്കാനാണ് റെഡ്ഡി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വികസന സൂചികകളിൽ കേരളം തെലങ്കാനയേക്കാൾ എത്രയോ മുന്നിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ദാരിദ്ര്യമുള്ള സംസ്ഥാനം കേരളമാണ്. ശിശുമരണ നിരക്ക് കുറയ്ക്കുന്നതിലും ആരോഗ്യ സേവനങ്ങളിലും കേരളം ബഹുദൂരം മുന്നിൽ. വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ നേട്ടം രാജ്യത്തിന് മാതൃകയാണ്. കേരളത്തിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ച് പഠിക്കാൻ രേവന്ത് റെഡ്ഡിയെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്. എന്നാൽ വാക്പോര് വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് നീങ്ങിയതോടെ കേരള രാഷ്ട്രീയത്തിൽ പുതിയ പോർമുഖം തുറന്നിരിക്കുകയാണ്.