മണിപ്പൂരിൽ വീണ്ടും ചോരപ്പുഴ: റോക്കറ്റ് ആക്രമണത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു; ബിഷ്ണുപൂരിൽ സംഘർഷം വൻതോതിൽ

ഇംഫാൽ: സമാധാന ശ്രമങ്ങളെ പാടേ തകർത്ത് മണിപ്പൂരിൽ വീണ്ടും സായുധ സംഘങ്ങളുടെ അഴിഞ്ഞാട്ടം. ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌രാംഗിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ക്രൂരമായ റോക്കറ്റ് ആക്രമണത്തിൽ അഞ്ച് വയസ്സുകാരനും അഞ്ച് മാസം പ്രായമുള്ള കുഞ്ഞും കൊല്ലപ്പെട്ടു. അതിർത്തി സുരക്ഷാ സേന ജവാനായ ഓയിനം മലംങ്‌ഗൻബയുടെ മക്കളാണ് ഈ ദാരുണ സംഭവത്തിന് ഇരയായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ചുരാചന്ദ്പൂർ അതിർത്തിയോട് ചേർന്നുള്ള ട്രോങ്‌ലോബി അവാങ് ലെയ്‌കായിലാണ് സംഭവം. ജനവാസ മേഖലകളെ ലക്ഷ്യമാക്കി ഉയർന്ന പ്രദേശങ്ങളിൽ നിന്ന് തൊടുത്തുവിട്ട റോക്കറ്റ് ജവാന്റെ വീടിന് മുകളിൽ നേരിട്ട് പതിക്കുകയായിരുന്നു. മുൻപ് ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന മേഖലയിൽ, കൂടുതൽ പ്രഹരശേഷിയുള്ള റോക്കറ്റുകൾ ഉപയോഗിച്ചുള്ള ആക്രമണം സുരക്ഷാ ഏജൻസികളെ ഞെട്ടിച്ചിട്ടുണ്ട്.

കുഞ്ഞുങ്ങളുടെ മരണവാർത്ത പുറത്തുവന്നതോടെ ജനരോഷം ഇരമ്പി. കുറ്റവാളികളെ ഉടനടി പിടികൂടണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകൾ മൊയ്‌രാങ് പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ ബിഷ്ണുപുർ വഴി പോയ രണ്ട് ഓയിൽ ടാങ്കറുകൾക്കും ഒരു ട്രക്കിനും ജനക്കൂട്ടം തീയിട്ടു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സൈന്യവും കേന്ദ്ര സേനയും രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *