ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി അബോധാവസ്ഥയിൽ; ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്

ടെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മൊജ്തബ ഖമനേയി അബോധാവസ്ഥയിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിലെ പുണ്യനഗരമായ ഖോമിൽ അദ്ദേഹം ചികിത്സയിലാണെന്നും നില അതീവ ഗുരുതരമാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. യുഎസ്-ഇസ്രയേൽ ഇന്റലിജൻസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് ‘ദി ടൈംസ്’ ആണ് ഈ വാർത്ത പുറത്തുവിട്ടത്. യുഎസും ഇസ്രയേലും തങ്ങളുടെ സഖ്യകക്ഷികൾക്ക് കൈമാറിയ നയതന്ത്ര കുറിപ്പിലാണ് മൊജ്തബയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങളുള്ളത്

പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, ശാരീരികാവസ്ഥ മോശമായതിനാൽ ഭരണപരമായ തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല. ഖോമിലെ അതീവ സുരക്ഷാ കേന്ദ്രത്തിലാണ് ചികിത്സ നടക്കുന്നത്. അദ്ദേഹം എവിടെയാണെന്നത് സംബന്ധിച്ച് രഹസ്യാന്വേഷണ ഏജൻസികൾക്ക് നേരത്തെ സൂചന ലഭിച്ചിരുന്നു. അന്തരിച്ച മുൻ പരമോന്നത നേതാവ് അലി ഖമനേയിയുടെ സംസ്കാരത്തിനായുള്ള ഒരുക്കങ്ങൾ ഖോമിൽ പുരോഗമിക്കുകയാണ്.

അലി ഖമനേയിക്കായി ഖോമിൽ വലിയൊരു ശവകുടീരം നിർമ്മിക്കുന്നതായും റിപ്പോർട്ടിലുണ്ട്. നിർമ്മാണത്തിലിരിക്കുന്ന ശവകുടീരത്തിൽ ഒന്നിലധികം കല്ലറകൾ ഉള്ളതായി പറയപ്പെടുന്നു. ഖമനേയി കുടുംബത്തിലെ മറ്റ് അംഗങ്ങളെ ഇവിടെ സംസ്കരിച്ചേക്കാം എന്നാണ് സൂചന. പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടിട്ടും മൊജ്തബ ഖമനേയി പൊതുവേദികളിലോ പൊതുയിടങ്ങളിലോ ഇതുവരെ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതിനാൽ തന്നെ മൊജ്തബ ഖമനേയിയുടെ ആരോഗ്യനിലയെക്കുറിച്ചും പലരീതിയിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനിടെ, അലി ഖമനേയി ഉൾപ്പെടെ കൊല്ലപ്പെട്ട വ്യോമാക്രമണത്തിൽ മൊജ്തബ ഖമനേയിക്കും പരിക്കേറ്റതായി പിന്നീട് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *