ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കണമെന്ന അമേരിക്കയുടെ അന്ത്യശാസനത്തിന് പിന്നാലെ യുദ്ധഭീതിയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് പശ്ചിമേഷ്യ. ഇന്ന് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ‘മനുഷ്യകവചം’ തീർത്ത് പ്രതിരോധിക്കാനൊരുങ്ങുകയാണ് ഇറാൻ ജനത.
യുഎസ് ആക്രമണം ഭീഷണി ഉയർത്തുന്ന വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും അണിനിരക്കാൻ ഇറാന്റെ കായിക യുവജന മന്ത്രാലയം പൗരന്മാരോട് ആഹ്വാനം ചെയ്തു. രാജ്യത്തുടനീളമുള്ള പ്രധാന വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് മനുഷ്യച്ചങ്ങല തീർക്കും. യുവാക്കൾ, കലാകാരന്മാർ, കായികതാരങ്ങൾ എന്നിവർ ഈ പ്രതിഷേധത്തിൽ മുൻനിരയിലുണ്ടാകുമെന്ന് ഉപമന്ത്രി അലിറേസ റഹീമി അറിയിച്ചു.
ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിനെ ചൊല്ലിയാണ് തർക്കം മുറുകുന്നത്. ഏപ്രിൽ 7-ന് യുഎസ് നൽകിയ സമയപരിധി അവസാനിക്കുകയാണ്. “ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറന്നില്ലെങ്കിൽ ഇറാന്റെ പാലങ്ങളും വൈദ്യുതി നിലയങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ബോംബ് വച്ച് തകർക്കും.” – ഡൊണാൾഡ് ട്രംപ്
അമേരിക്കയുടെ ഭീഷണി സിവിലിയൻ ജനതയെ ദുരിതത്തിലാക്കുന്നതാണെന്ന് ഇറാൻ ആരോപിക്കുന്നു. യുദ്ധം തുടങ്ങിയാൽ ഇറാന്റെ ഊർജ്ജ-ഗതാഗത മേഖലകളെ പൂർണ്ണമായും തകർക്കാനാണ് ട്രംപിന്റെ പദ്ധതിയെന്ന് വ്യക്തം. ഇതിനെതിരെ ആഗോളതലത്തിൽ പ്രതിഷേധം ഉയരണമെന്ന് ഇറാൻ ഭരണകൂടം ആവശ്യപ്പെട്ടു.