വാടാനപ്പള്ളി കിറ്റ് സംഘർഷം: പൊലീസ് കോടതി അനുമതി തേടി; ബിജെപി വെട്ടിലായി, യുഡിഎഫ്-എൽഡിഎഫ് വിവാദം സജീവമാക്കുന്നു

തൃശൂർ: വാടാനപ്പള്ളിയിലെ കിറ്റ് സംഘർഷത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കോടതിയുടെ അനുമതി തേടി. എഫ്.ഐ.ആറിൽ തുടർനടപടി സ്വീകരിക്കാൻ വേണ്ടിയാണ് ഈ നീക്കം. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. കോടതി ഇന്ന് വാദം കേൾക്കും.അതേസമയം കിറ്റ് വിവാദത്തിൽ ബിജെപി പ്രതിരോധത്തിലാണ്. സംഭവത്തിൽ പിടിയിലായ വാടാനപ്പള്ളിയിലെ പ്രാദേശിക ബിജെപി പ്രവർത്തകൻ സതീഷിനെ കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുകയാണ്. “വിഷുവിന് സന്നദ്ധ സംഘടനയ്ക്ക് വിതരണം ചെയ്യാൻ കിറ്റുകൾ ഓർഡർ ചെയ്തതാണെന്ന്” സതീഷ് ആവർത്തിച്ച് വ്യക്തമാക്കുന്നു.

യുഡിഎഫും എൽഡിഎഫും വിഷയം സജീവമാക്കി നിർത്തുകയാണ്. തൃശൂർ മണ്ഡലത്തിനു പിന്നാലെ മണലൂരിലും ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയർത്തുകയാണ് കോൺഗ്രസും സിപിഎമ്മും. വാടാനപ്പള്ളിയിലെ ഹോൾസെയിൽ വിതരണ കേന്ദ്രത്തിൽ കിറ്റുകൾ ഓർഡർ ചെയ്യാൻ ബിജെപി നേതാവും ചലച്ചിത്രതാരവുമായ ദേവൻ എത്തിയെന്ന ആരോപണത്തെത്തുടർന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. സ്ഥലത്ത് ബിജെപി പ്രവർത്തകരും തടിച്ചുകൂടിയതോടെ സംഘർഷം മണിക്കൂറുകളോളം നീണ്ടു.

സംഭവത്തിൽ സ്ഥാപന ഉടമയെയും പ്രാദേശിക ബിജെപി പ്രവർത്തകനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ, “ടി.എൻ. പ്രതാപൻ തയ്യാറാക്കിയ നാടകമാണ് ഇത്” എന്നായിരുന്നു ദേവന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *