തിരുവനന്തപുരം: ക്രൈസ്തവ സഭകളുടെ എല്ലാ ആശങ്കകളും പൂർണമായി പരിഹരിച്ച ശേഷം മാത്രമേ എഫ്‌സിആർഎ ബിൽ അവതരിപ്പിക്കൂ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഡൽഹിയിലും കൂടുതൽ ചർച്ചകൾ നടക്കുമെന്നും അതുകൊണ്ട് തന്നെ ബിൽ തൽക്കാലം മാറ്റിവെച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രതികരിക്കേണ്ട കാര്യമില്ല; ഇന്നലെ കിരൺ റിജിജു തന്നെ വിഷയം പൂർണമായി വിശദീകരിച്ചിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.
സിപിഎം തങ്ങളുടെ ധാരാളം പ്രവർത്തകരെ കൊന്നിട്ടുണ്ട്. അത്തരമൊരു പാർട്ടിയുമായി ധാരണയിലെത്താൻ തങ്ങൾക്ക് താൽപ്പര്യമില്ല. പിണറായി വിജയനെ ചോദ്യം ചെയ്യാത്തത് ഏതെങ്കിലും ഡീലിന്റെ ഭാഗമല്ല. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ എല്ലാ കള്ളനാടകങ്ങളും ജനങ്ങൾക്ക് മുമ്പിൽ തുറന്നുകാട്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയുമായി ബന്ധപ്പെട്ട കൊള്ളയെക്കുറിച്ച് മോദി മുമ്പ് തന്നെ സംസാരിച്ചിട്ടുണ്ട്. വിവരമില്ലാത്ത രാഹുൽ ഗാന്ധിക്ക് എന്ത് മറുപടി പറയാനാണെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.