പാലക്കാട്: ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ കോൺഗ്രസ് കൗൺസിലർക്കെതിരെ ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ദേശീയ ഷെഡ്യൂൾഡ് കാസ്റ്റ് കമ്മീഷൻ (എസ്‌സി കമ്മീഷൻ) ശക്തമായ ഇടപെടൽ നടത്തി. കേരള ഡിജിപിക്കും പാലക്കാട് ജില്ലാ പൊലീസ് സൂപ്രിന്റൻഡന്റിനും റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. എട്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യം. കുറ്റവാളിയെ അറസ്റ്റ് ചെയ്ത തീയതി, എഫ്‌ഐആർ വിശദാംശങ്ങൾ ഉൾപ്പെടെ പൂർണ വിവരങ്ങൾ റിപ്പോർട്ടിൽ ഉൾക്കൊള്ളണം.
അതേസമയം, ആരോപണവിധേയനായ കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് മണ്ണാർക്കാട് കോടതി പരിഗണിക്കും. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം യുവതിയുടെ താമസസ്ഥലത്ത് അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തെന്നാണ് പരാതി. ബലാത്സംഗം, എസ്‌സി/എസ്‌ടി അതിക്രമം തടയൽ നിയമം എന്നീ വകുപ്പുകൾ പ്രശോഭിനെതിരെ ചുമത്തിയിട്ടുണ്ട്. പരാതി ലഭിച്ചതിനു പിന്നാലെ ഒളിവിൽ പോയ പ്രശോഭിനെ കണ്ടെത്താൻ പൊലീസ് സംഘം തീവ്രമായി അന്വേഷണം നടത്തുകയാണ്.
യുവതിയുടെ പരാതിപ്രകാരം, ജോലി വാഗ്ദാനം നൽകി പ്രശോഭ് നിരവധി തവണ പീഡിപ്പിച്ചു. സംഭവങ്ങൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങളായി പകർത്തി ഭീഷണിപ്പെടുത്തിയെന്നും, എംഎൽഎമാരുടെയും എംപിമാരുടെയും കൂടെയുള്ള ഫോട്ടോകൾ കാണിച്ച് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. യുവതി ഗർഭിണിയായപ്പോൾ ഗർഭച്ഛിദ്രത്തിനുള്ള മരുന്നുകൾ നൽകി നിർബന്ധിച്ചെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.