കാസർഗോഡ്: മുസ്ലിം ലീഗിനെതിരെ തിരിഞ്ഞ് ഭാരവാഹിത്വം രാജിവെച്ച വനിതാ ലീഗ് നേതാവ് നൂർബിന റഷീദിനെതിരെ ലീഗ് നേതൃത്വം ശക്തമായ വിമർശനം ഉയർത്തി.ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു: “നൂർബിന റഷീദിന് വിശദീകരണ നോട്ടീസ് അയച്ചിട്ടുണ്ട്. കടുത്ത അച്ചടക്കലംഘനമാണ് അവർ നടത്തിയത്. പാർട്ടിക്കുള്ളിൽ പറയേണ്ട കാര്യങ്ങൾ മാധ്യമങ്ങളോട് പറയുകയായിരുന്നു. ഇത് വനിതാ ലീഗിന്റെ ഔദ്യോഗിക നിലപാടല്ല. ഇത്തരം കാര്യങ്ങൾ സംസ്ഥാന നേതൃത്വമാണ് തീരുമാനിക്കേണ്ടത്.”
പാണക്കാട് സാദിഖലി തങ്ങൾ പ്രതികരിച്ചു: “നൂർബിനയ്ക്ക് എല്ലാ പരിഗണനയും ലീഗ് നൽകിയിട്ടുണ്ട്. കഴിഞ്ഞ തവണ ലീഗിന്റെ കോട്ടയായ കോഴിക്കോട് സൗത്തിൽ അവസരം നൽകിയത് അവർക്കായിരുന്നു. അവർ പറഞ്ഞ എല്ലാ വാചകങ്ങൾക്കും മറുപടി നൽകേണ്ടതില്ല. നൂർബിനയ്ക്കെതിരെ നടപടി എടുക്കേണ്ടത് ദേശീയ നേതൃത്വത്തിന്റെ പരിധിയിലാണ്.”
ഫാത്തിമ തെഹ്ലിയയെ മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിലും നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിലുമാണ് നൂർബിൻ റഷീദ് വനിതാ ലീഗ് ഭാരവാഹിത്വം രാജിവെച്ചത്. ഹരിത, എംഎസ്‌എഫ് പ്രവർത്തകയായിരുന്ന ഫാത്തിമയെ സ്ഥാനാർത്ഥിയാക്കിയത് എല്ലാവരുമായും ചർച്ച നടത്തിയ ശേഷമാണെന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കി. വനിതാ ലീഗിന് രണ്ട് സീറ്റുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.