ന്യൂഡൽഹി: ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങൾക്കിടയിൽ കേന്ദ്ര സർക്കാർ വലിയ തീരുമാനം എടുത്തു. ക്രിട്ടിക്കൽ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ പൂർണമായി ഒഴിവാക്കി. വ്യാഴാഴ്ച മുതൽ ജൂൺ 30 വരെ പ്രാബല്യത്തിൽ വരുന്ന ഈ ഇളവ്, പശ്ചിമേഷ്യൻ യുദ്ധം മൂലമുണ്ടായ വിതരണ പ്രശ്നങ്ങൾ പരിഗണിച്ചാണ് ധനമന്ത്രാലയം നടപ്പാക്കിയത്.
ആഭ്യന്തര വിപണിയിൽ അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കി വിലക്കയറ്റം തടയാനാണ് ലക്ഷ്യം.മെഥനോൾ, അൻഹൈഡ്രസ് അമോണിയ, ടൊളുവീൻ, സ്റ്റൈറീൻ, വിനൈൽ ക്ലോറൈഡ് മോണോമർ തുടങ്ങിയ പത്തോളം പ്രധാന പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾക്കാണ് ഈ നികുതി ഇളവ് ലഭിക്കുന്നത്. പ്ലാസ്റ്റിക്, പാക്കേജിംഗ്, ടെക്സ്റ്റൈൽസ്, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽ ഭാഗങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയ വ്യവസായ മേഖലകൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
ഉൽപ്പാദന ചെലവ് കുറയുന്നതോടെ അന്തിമ ഉൽപ്പന്നങ്ങളുടെ വിലയിലും ഇടിവ് പ്രതീക്ഷിക്കാമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. വിപണിക്ക് ആശ്വാസമായ ഈ നടപടി വ്യവസായങ്ങളുടെ മത്സരശേഷി വർദ്ധിപ്പിക്കുമെന്നും വിലയിരുത്തപ്പെടുന്നു.