യുഡിഎഫ് പ്രകടനപത്രിക: ശബരിമല ആചാരസംരക്ഷണത്തിന് പ്രത്യേക നിയമവും റബർ താങ്ങുവില 300 രൂപയും വാഗ്ദാനം

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പിച്ച വാഗ്ദാനങ്ങളോടെ യുഡിഎഫ് തങ്ങളുടെ പ്രകടനപത്രിക പുറത്തിറക്കി. രാവിലെ 10 മണിക്ക് കൊച്ചിയിൽ നടന്ന ചടങ്ങിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് പ്രകടനപത്രിക ഔദ്യോഗികമായി പുറത്തിറക്കിയത്. ശബരിമല ആചാര സംരക്ഷണം മുതൽ സാമൂഹിക ക്ഷേമ പദ്ധതികൾ വരെയുള്ള നിരവധി പ്രഖ്യാപനങ്ങളാണ് ഈ പ്രകടനപത്രികയിലെ പ്രധാന ആകർഷണം.

യുഡിഎഫ് പ്രകടനപത്രികയിൽ ശബരിമലയിലെ ആചാരസംരക്ഷണത്തിനായി പ്രത്യേക നിയമം കൊണ്ടുവരുമെന്ന് വ്യക്തമായ വാഗ്ദാനമുണ്ട്. സാമൂഹിക സുരക്ഷാ പെൻഷൻ ജനങ്ങളുടെ അവകാശമായി പ്രഖ്യാപിക്കുമെന്നും യുഡിഎഫ് ഉറപ്പുനൽകുന്നു. സംസ്ഥാനത്ത് മുഴുവനായി ഇന്ദിരാ കാന്റീൻ പദ്ധതി വ്യാപിപ്പിക്കുമെന്നും ഐക്യമുന്നണി പ്രഖ്യാപിച്ചു.കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി റബർ താങ്ങുവില 300 രൂപയാക്കി ഉയർത്തുമെന്നും ആശാവർക്കർമാരുടെ പ്രതിദിന വേതനം 700 രൂപയാക്കുമെന്നും യുഡിഎഫ് വാഗ്ദാനം ചെയ്തു. ക്യാമ്പസുകളിലെ റാഗിങ് തടയാൻ പൂക്കോട് ക്യാമ്പസിൽ റാഗിങ് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ പേരിൽ പ്രത്യേക പദ്ധതി ആവിഷ്കരിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു.

ദേവസ്വം ബോർഡിനെ അഴിമതി മുക്തമാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സമാധാന വകുപ്പും സഹിഷ്ണുതാ വകുപ്പും രൂപീകരിക്കുമെന്നും യുഡിഎഫ് നേതൃത്വം ഉറപ്പുനൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *