ജക്കാർത്ത: ഇന്തോനേഷ്യയുടെ കിഴക്കൻ ഭാഗത്ത് വ്യാഴാഴ്ച പുലർച്ചെ ശക്തമായ 7.4 തീവ്രത ഭൂചലനമുണ്ടായി. യുഎസ് ജിയോളജിക്കൽ സർവേ (USGS) അനുസരിച്ച്, വടക്കൻ മലൂക്ക കടൽ മേഖലയിലെ ടെർണേറ്റ് നഗരത്തിന് 127 കിലോമീറ്റർ അകലെ 35 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ഭൂചലനത്തിന്റെ ഫലമായി ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ തീരങ്ങളിൽ ആദ്യം സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ചെറിയ തിരമാലകൾ മാത്രമേ ഉണ്ടായുള്ളൂ (പരമാവധി 75 സെന്റീമീറ്റർ വരെ) എന്ന് കണ്ടെത്തിയതിനാൽ മുന്നറിയിപ്പ് പിന്നീട് പിൻവലിച്ചു. നോർത്ത് സുലവേസിയിലെ ബിറ്റുങ്, വെസ്റ്റ് ഹൽമഹേറ തുടങ്ങിയ സ്ഥലങ്ങളിൽ 20-30 സെന്റീമീറ്റർ ഉയരത്തിലുള്ള തിരമാലകൾ രേഖപ്പെടുത്തി.
ഭൂകമ്പത്തിന്റെ ഫലമായി ഒരു മരണവും ചില കെട്ടിടങ്ങൾക്ക് നേരിയ കേടുപാടുകളും ഉണ്ടായതായി അധികൃതർ അറിയിച്ചു. നോർത്ത് മലൂക്ക, നോർത്ത് സുലവേസി പ്രവിശ്യകളിൽ ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയെങ്കിലും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ആദ്യം 7.8 ആയി രേഖപ്പെടുത്തിയ തീവ്രത പിന്നീട് 7.4 ആയി പുതുക്കുകയായിരുന്നു. ഇന്തോനേഷ്യ ‘റിംഗ് ഓഫ് ഫയർ’ മേഖലയിലായതിനാൽ ഇത്തരം ഭൂകമ്പങ്ങൾ സാധാരണമാണ്. ഗുവാം, ജപ്പാൻ, തായ്‌വാൻ തുടങ്ങിയ ദൂരപ്രദേശങ്ങളിലും ആദ്യം മുന്നറിയിപ്പുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് അവയും പിൻവലിക്കപ്പെട്ടു.