ആലപ്പുഴ: ജി സുധാകരൻ ഏതു വിഷയത്തിലും ഏതും പറയുന്ന ശൈലിയാണ് സ്വന്തമെന്നും, അദ്ദേഹം ഇപ്പോൾ എത്തിനിന്നിരിക്കുന്നത് കോൺഗ്രസ് പക്ഷത്താണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.“സുധാകരൻ ഇപ്പോൾ കോൺഗ്രസിന്റെ തൊപ്പി വെച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ പഴയ നിലപാടുകൾ എല്ലാം തള്ളിപ്പറയേണ്ടി വരും. പ്രീതി നേടാനായി അദ്ദേഹം ഏതു വാക്കും ഉപയോഗിക്കും,” എന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജി സുധാകരൻ കൂടുതൽ ജീർണ്ണാവസ്ഥയിലേക്ക് തന്നെ പോകുകയാണെന്ന് പിണറായി വിജയൻ പറഞ്ഞു. സുധാകരൻ പാർട്ടി വിട്ടതുകൊണ്ട് സിപിഎമ്മിന് യാതൊരു നഷ്ടവും ഉണ്ടാവില്ല. അവസരവാദികൾ കാരണം പാർട്ടിയുടെ ഒരു വോട്ട് പോലും കുറയില്ലെന്നും മുഖ്യമന്ത്രി ഉറപ്പിച്ചു.“പ്രവർത്തകർ വ്യക്തികളോടല്ല, പാർട്ടിയോടാണ് വിശ്വസ്തത പുലർത്തുന്നത്. സുധാകരന്റെ മാറ്റം പെട്ടെന്നെടുത്ത തീരുമാനമല്ല. ഇതിനെക്കുറിച്ച് നേരത്തെ തന്നെ ആലോചനകൾ നടന്നിരുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.സിപിഎമ്മിന്റെ വോട്ടുകൾ തനിക്ക് ലഭിക്കുമെന്ന സുധാകരന്റെ അവകാശവാദം തെറ്റാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സുധാകരൻ ഇപ്പോൾ കോൺഗ്രസിന്റെയും ബിജെപിയുടെയും സ്ഥാനാർത്ഥിയാണെന്നും പിണറായി വിജയൻ വിമർശിച്ചു.
ഹരിപ്പാടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.