വാഷിങ്ടൺ: അമേരിക്കയുടെ ഇറാൻ യുദ്ധം രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ അവസാനിപ്പിക്കാൻ കഴിയുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ ഇറാനുമായി ഒരു കരാറോ ഡീലോ ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു.“ഞങ്ങൾ വളരെ വേഗം ഇറാനിൽ നിന്ന് പിന്മാറും. രണ്ട് ആഴ്ചയോ പരമാവധി മൂന്നാഴ്ചയോ ഉള്ളിൽ ദൗത്യം പൂർത്തിയാക്കി മടങ്ങാനാണ് ലക്ഷ്യമിടുന്നത്,” എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.യുദ്ധം നിർത്താൻ ഇറാൻ ഒരു കരാർ ഒപ്പിടേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യുദ്ധം അവസാനിക്കുന്നതോടെ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുത്തനെ കുറയുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ അമേരിക്കയിൽ ഇന്ധനവില ഉയരുന്നത് ഭരണകൂടത്തിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ്.ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് അത് ഉപയോഗിക്കുന്ന രാജ്യങ്ങളുടെ ഉത്തരവാദിത്തമാണെന്നും, അതിനായി അമേരിക്കൻ സൈന്യത്തെ മാത്രം ആശ്രയിക്കരുതെന്നും ബ്രിട്ടൻ ഉൾപ്പെടെയുള്ള സഖ്യകക്ഷികൾക്ക് ട്രംപ് മുന്നറിയിപ്പ് നൽകി.2026 ഫെബ്രുവരി 28-ന് ആരംഭിച്ച ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന സൈനിക നടപടി അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോഴാണ് ട്രംപിന്റെ ഈ പ്രഖ്യാപനം. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയെ യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ വധിച്ചെങ്കിലും ഇറാൻ ശക്തമായ പ്രത്യാക്രമണം നടത്തി. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ ആക്രമിച്ചത് പ്രതിസന്ധി രൂക്ഷമാക്കി.ട്രംപിന്റെ യുദ്ധം അവസാനിപ്പിക്കുമെന്ന പ്രസ്താവനയ്ക്ക് പിന്നാലെ ആഗോള ഓഹരി വിപണികളിൽ മുന്നേറ്റമുണ്ടായി. യുദ്ധം ഉടൻ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. അതേസമയം, അമേരിക്കൻ ടെക് കമ്പനികൾക്കെതിരെ ഇറാൻ റെവല്യൂഷണറി ഗാർഡ്സ് ആക്രമണ ഭീഷണി ഉയർത്തിയിട്ടുണ്ട്.
ട്രംപ് വൻ പ്രഖ്യാപനം; ഇറാൻ യുദ്ധം രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ അവസാനിപ്പിക്കാൻ സാധ്യത, കരാർ ഇല്ലാതെ തന്നെ പിന്മാറാമെന്ന് ട്രംപ്