‘വർഗ്ഗീയതയോട് സന്ധിയില്ല, എസ്ഡിപിഐ പിന്തുണ തേടിയിട്ടില്ല’; വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ എൽഡിഎഫിനെതിരെയുള്ള എസ്ഡിപിഐ ബന്ധം പാടേ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുമുന്നണി എസ്ഡിപിഐയോട് പിന്തുണ തേടിയിട്ടില്ലെന്നും അത്തരത്തിലുള്ള പ്രചാരണങ്ങൾ തീർത്തും വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നേമത്ത് വി. ശിവൻകുട്ടി എസ്ഡിപിഐ പിന്തുണ തേടിയിട്ടില്ല. കഴിഞ്ഞ തവണ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പ്രഖ്യാപിച്ചാണ് എൽഡിഎഫ് മത്സരിച്ചത്. ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫാണ് നല്ലതെന്ന് ചിലർ കരുതുന്നുണ്ടാകാം, അത് രാഷ്ട്രീയ ധാരണയുടെ ഭാഗമല്ല.

വർഗ്ഗീയതയുമായി ഇടതുമുന്നണിക്ക് ഒരു കാലത്തും സന്ധിയില്ല. ശുദ്ധമായ വർഗ്ഗീയ വിരുദ്ധ നിലപാടാണ് എൽഡിഎഫിന്റേതെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസന ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു. ട്രാൻഷിപ്‌മെന്റ് രംഗത്തെ സാധ്യതകൾ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ദീർഘകാല അടിത്തറ പാകും. കഴിഞ്ഞ വർഷം മാത്രം 125 കോടി രൂപ സംസ്ഥാനത്തിന് വരുമാനം ലഭിച്ചു. 2028-ഓടെ പദ്ധതിയുടെ നാല് ഘട്ടങ്ങളും പൂർത്തിയാക്കും. ഐടി കയറ്റുമതിയിൽ 200% വളർച്ചയുണ്ടായി. കഴിഞ്ഞ പത്ത് വർഷത്തിനിടെ 70,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാരിന് സാധിച്ചു.

കൊല്ലത്തെ വാർത്താസമ്മേളനത്തിനിടെ എഴുന്നേറ്റു പോയ സംഭവത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് തിരക്ക് കാരണം സമയം ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് എഴുന്നേറ്റതെന്ന് അദ്ദേഹം പറഞ്ഞു. “ചിലർ ബോധപൂർവ്വം ബഹളമുണ്ടാക്കാൻ വരുന്നു. സമയം ദീർഘിച്ചപ്പോഴാണ് എണീറ്റത്. എന്നാൽ പിന്നിൽ വലിയ ബഹളം ഉണ്ടായപ്പോൾ കാര്യങ്ങൾ വ്യക്തമാക്കുന്നതാണ് നല്ലതെന്ന് തോന്നി തിരിച്ചു വന്നതാണ്. മാധ്യമങ്ങൾ കാര്യങ്ങളെ വക്രീകരിക്കുന്നതിന്റെ തെളിവാണിത്” എന്നും പിണറായി വിജയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *