‘കേരളത്തിൽ പലയിടത്തും എൽഡിഎഫ്-എസ്ഡിപിഐ ബന്ധം; മതേതര വോട്ടുകൾ യുഡിഎഫിന്’: സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ എൽഡിഎഫും എസ്ഡിപിഐയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ആരോപണവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നേമത്ത് മാത്രമല്ല, കേരളത്തിലെ പല മണ്ഡലങ്ങളിലും എൽഡിഎഫിന് എസ്ഡിപിഐ പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വേങ്ങരയിൽ മുൻ എസ്ഡിപിഐ പ്രവർത്തകനെയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. ഇത് മുന്നണികൾ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന് തെളിവാണെന്ന് തങ്ങൾ ചൂണ്ടിക്കാട്ടി.

മതേതര ജനാധിപത്യ വോട്ടുകൾ യുഡിഎഫിന് അനുകൂലമായി പോൾ ചെയ്യപ്പെടും. മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലും യുഡിഎഫ് ഉജ്ജ്വല വിജയം കൈവരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. താനൂർ മണ്ഡലത്തിൽ വിജയം വളരെ എളുപ്പമായിരിക്കുമെന്നും വരും കാലങ്ങളിൽ യുഡിഎഫിന്റെ ആധിപത്യം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താനൂർ മണ്ഡലത്തിൽ എൽഡിഎഫും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടക്കുന്നുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പികെ നവാസ് ആരോപിച്ചു. “ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ബിജെപിക്ക് ലഭിക്കുന്ന വോട്ടുകൾ നിയമസഭാ തിരഞ്ഞെടുപ്പിൽ കാണുന്നില്ല. ഈ വോട്ടുകൾ എൽഡിഎഫിന് മറിച്ച് നൽകുകയാണ് ചെയ്യുന്നത്” എന്ന് പികെ നവാസ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *