വാഷിംഗ്ടൺ/ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം പുതിയ തലങ്ങളിലേക്ക്. ഇന്ത്യയിൽ നിന്ന് മരുന്നുകളും മെഡിക്കൽ സാമഗ്രികളും ശേഖരിക്കാനായി പുറപ്പെടാനിരുന്ന ഇറാന്റെ ചരക്ക് വിമാനം അമേരിക്കൻ ആക്രമണത്തിൽ തകർന്നു. ഇറാനിലെ മഷദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന ‘മഹൻ എയർ’ വിമാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. നാളെ പുലർച്ചെ ഡൽഹിയിൽ എത്തേണ്ടിയിരുന്ന വിമാനമാണിത്.
വിമാനം തകർത്തത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഇന്ത്യയിലെ ഇറാൻ സ്ഥാനപതി കാര്യാലയം പ്രതികരിച്ചു. സംഭവത്തിൽ അന്താരാഷ്ട്ര ഏജൻസികൾ അടിയന്തര അന്വേഷണം നടത്തണമെന്ന് ഇറാന്റെ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. ഇറാൻ യുദ്ധത്തിന്റെ സാമ്പത്തിക ബാധ്യത അറബ് രാജ്യങ്ങളുടെ മേൽ കെട്ടിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീക്കം നടത്തുന്നതായി വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലെവിറ്റ് വ്യക്തമാക്കി.
യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് കൃത്യമായ നഷ്ടപരിഹാരം ലഭിക്കാതെ പിന്മാറില്ലെന്ന് ഇറാന്റെ സൈനിക ഉപദേഷ്ടാവ് മൊഹ്‌സൻ റെസായി വ്യക്തമാക്കി. സാമ്പത്തിക ഉപരോധങ്ങൾ നീക്കണമെന്നും അമേരിക്കയുടെ ഇടപെടൽ അവസാനിപ്പിക്കാൻ നിയമപരമായ ഉറപ്പ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാനുഷിക പരിഗണന മുൻനിർത്തി ഇന്ത്യ നേരത്തെ ഇറാനിലേക്ക് മരുന്നുകളും മറ്റും എത്തിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് നാളെ പുലർച്ചെ നാല് മണിക്ക് പ്രത്യേക വിമാനം ഇന്ത്യയിൽ എത്താനിരുന്നത്. നിലവിൽ ഈ ആക്രമണത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ അമേരിക്ക തയ്യാറായിട്ടില്ല. വിമാനം തകർത്ത നടപടിയും യുദ്ധച്ചെലവ് അറബ് രാജ്യങ്ങളിൽ നിന്ന് ഈടാക്കാനുള്ള ട്രംപിന്റെ പ്രസ്താവനയും പശ്ചിമേഷ്യയിലെ നയതന്ത്ര ബന്ധങ്ങളെ കൂടുതൽ വഷളാക്കാനാണ് സാധ്യത.