തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് ആവേശം; കൊളത്തൂരിൽ സ്റ്റാലിനും പെരമ്പൂരിൽ വിജയ്‌യും പത്രിക സമർപ്പിച്ചു

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ആവേശകരമായ തുടക്കം. നാമനിർദേശ പത്രിക സമർപ്പണത്തിന്റെ ആദ്യ ദിനത്തിൽ തന്നെ പ്രമുഖ നേതാക്കൾ പത്രിക സമർപ്പിച്ചു. ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ തന്റെ തട്ടകമായ കൊളത്തൂരിലും, ടിവികെ അധ്യക്ഷൻ വിജയ് ചെന്നൈ പെരമ്പൂരിലും പത്രിക നൽകി.കൊളത്തൂരിൽ പത്രിക സമർപ്പിച്ച ശേഷം വൻ റോഡ് ഷോയോടെയാണ് സ്റ്റാലിൻ മടങ്ങിയത്. നൂറുകണക്കിന് സ്ത്രീകളെ അണിനിരത്തി നടത്തിയ റോഡ് ഷോ ശക്തിപ്രകടനമായി മാറി.

“ഈ മത്സരം ദില്ലിയും തമിഴ്നാടും തമ്മിലാണ്. എതിരാളികൾ ആരൊക്കെ വന്നാലും ഡിഎംകെ തന്നെ വിജയിക്കും,” എന്ന് പത്രികാ സമർപ്പണത്തിന് ശേഷം സ്റ്റാലിൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേന്ദ്ര സർക്കാരിനെതിരെയുള്ള പോരാട്ടമായാണ് ഡിഎംകെ ഈ തെരഞ്ഞെടുപ്പിനെ കാണുന്നതെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.

രാഷ്ട്രീയ പാർട്ടി രൂപീകരിച്ച ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിനിറങ്ങുന്ന വിജയ് രണ്ട് മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. ഇന്ന് പെരമ്പൂരിൽ പത്രിക സമർപ്പിച്ച അദ്ദേഹം ടിവികെ നേതാക്കൾക്കൊപ്പം റോഡ് ഷോയും നടത്തി. സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിലടക്കം ഇന്ന് വിജയ് പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. സ്റ്റാലിന്റെ ശക്തികേന്ദ്രങ്ങളിൽ തന്നെ പ്രചാരണം നടത്തി ഡിഎംകെയ്ക്ക് വെല്ലുവിളി ഉയർത്താനാണ് വിജയ്‌യുടെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *