മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 15 കോടി രൂപ തട്ടാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. അങ്ങാടിപ്പുറം സ്വദേശിയും കാപ്പ കേസ് പ്രതിയുമായ മുഹമ്മദ് റോഷനെയാണ് പോലീസ് പിടികൂടിയത്.
ജനുവരി 31-ന് പെരിന്തൽമണ്ണയിലെ ഒരു മാളിലേക്ക് മോയീൻ അലി തങ്ങളെയും സുഹൃത്തിനെയും വിളിച്ചുവരുത്തിയാണ് പ്രതി ഭീഷണി മുഴക്കിയത്. അവ്യക്തമായ ചില ദൃശ്യങ്ങൾ കാണിച്ച്, 15 കോടി രൂപ നൽകിയില്ലെങ്കിൽ ഇവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നായിരുന്നു റോഷന്റെ ഭീഷണി. പണം നൽകാൻ വിസമ്മതിച്ചതോടെ ‘ഷാൻ ഷാനു’ എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി സാദിഖലി തങ്ങൾക്കെതിരെ അപകീർത്തികരമായ പോസ്റ്റുകൾ പങ്കുവെക്കുകയായിരുന്നു.
കലാപശ്രമം, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.