കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെ ഡ്രോൺ ആക്രമണമുണ്ടായി. നിരവധി ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ടാങ്കിൽ തീപിടിച്ചെങ്കിലും ആളപായമൊന്നും ഉണ്ടായില്ലെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി വക്താവ് അബ്ദുല്ല അൽ-രാജ്ഹി അറിയിച്ചു. ആക്രമണത്തിൽ വിമാനത്താവളത്തിന് പരിമിതമായ കേടുപാടുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. സംഭവത്തെത്തുടർന്ന് അടിയന്തര സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
ഇറാൻ തുടരുന്ന പ്രത്യാഘാത ആക്രമണങ്ങളുടെ ഭാഗമായാണ് ഈ സംഭവമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അബുദാബിയിൽ മിസൈൽ അവശിഷ്ടം പതിച്ച് ഇന്ത്യൻ പ്രവാസികൾക്ക് പരിക്ക്അതേസമയം, യുഎഇയിലെ അബുദാബിയിൽ ഇറാൻ മിസൈലിന്റെ ഇന്റർസെപ്റ്റഡ് അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പേർ മരിച്ചു. ഇതിൽ ഒരാൾ ഇന്ത്യക്കാരനാണ്. മൂന്ന് പേർക്ക് (ഇതിൽ ഒരു ഇന്ത്യക്കാരനും) പരിക്കേറ്റു. പരിക്കുകൾ നേരിയതോ മിതമായതോ ആണെന്നാണ് റിപ്പോർട്ട്. ഖലീഫ ഇക്കണോമിക് സോണിന് സമീപമാണ് സംഭവം.
ഒമാനിലെ സലാല തുറമുഖത്ത് ഡ്രോൺ ആക്രമണംഒമാനിലെ സലാല തുറമുഖത്തിന് നേരെ രണ്ട് ഡ്രോണുകൾ ആക്രമണം നടത്തി. ക്രെയിൻ സമീപം സ്ഫോടനമുണ്ടായി. ഒരു തൊഴിലാളിക്ക് പരിക്കേറ്റു. ഇന്ധന ടാങ്കുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് തുറമുഖത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർബേസിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ 10 മുതൽ 12 വരെ അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ. ചിലർക്ക് ഗുരുതര പരിക്കാണെന്നും, ഒരു എഫ്-16 ഉൾപ്പെടെയുള്ള വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും വിവരമുണ്ട്.