കണ്ണൂർ: എസ്ഡിപിഐയുമായി സിപിഎം ഒരു തരത്തിലുള്ള ധാരണയോ നീക്കുപോക്കോ ഉണ്ടാക്കിയിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. അവരുടെ പ്രവർത്തനശൈലി ജനാധിപത്യ മൂല്യങ്ങൾക്ക് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പിഡിപി പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അവരുടെ നിലപാട് മുൻകാലത്തെ അപേക്ഷിച്ച് മാറിയിട്ടുണ്ടെന്നും മഅദനി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ബേബി കൂട്ടിച്ചേർത്തു.
ബിജെപിയിൽ നിന്ന് ഏകദേശം 5000 വോട്ടുകൾ ലഭിക്കുമെന്ന് തെക്കൻ ജില്ലയിലെ ഒരു നേതാവ് പറയുന്നുണ്ടെന്നും ഇത്തരം ഡീലുകളാണ് പലയിടത്തും തെളിഞ്ഞു വരുന്നതെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി. രക്തസാക്ഷികളുടെ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർ സീറ്റ് ലഭിക്കാത്തപ്പോൾ പുച്ഛത്തോടെ പാർട്ടി വിട്ടുപോകരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പ്രസ്ഥാനത്തെ അരുംകൊല ചെയ്തവരോടൊപ്പം ചേരുന്നത് അധഃപതനമാണെന്നും ചിലരിൽ പാർലമെന്ററി മോഹം മാത്രമാണുള്ളതെന്നും ബേബി പറഞ്ഞു.
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ പ്രതികരിച്ച എം.എ. ബേബി പറഞ്ഞത്, കണക്കുകളിൽ വീഴ്ച വന്നാൽ പാർട്ടി നടപടി സ്വീകരിക്കാറുണ്ടെന്നും പയ്യന്നൂർ ഏരിയ കമ്മിറ്റിയെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്നുമാണ്.
അതേസമയം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്, എസ്ഡിപിഐയോ ആർഎസ്എസോ ഉൾപ്പെടെയുള്ള ഏതൊരു വർഗീയ ശക്തിയുടെയും വോട്ട് സിപിഐ ആവശ്യപ്പെടുന്നില്ല എന്നാണ്. ആർഎസ്എസ്, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവയെല്ലാം മതഭ്രാന്തിന്റെ വ്യത്യസ്ത മുഖങ്ങളാണെന്നും അവയൊന്നും വ്യത്യസ്തമല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. മതങ്ങളെയും വിശ്വാസികളെയും ബഹുമാനിക്കുമ്പോഴും മതഭ്രാന്തിനോട് ഒരു സന്ധിയും ഇല്ലെന്നും ഒരു വർഗീയ ശക്തിയുടെയും പിന്തുണ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.