വാഷിങ്ടൻ: ഇറാനെതിരായ അമേരിക്കയുടെ സൈനിക നടപടി മാസങ്ങളല്ല, ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ലക്ഷ്യം കൈവരിക്കുമെന്ന് പ്രതിരോധ സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
ഫ്രാൻസില്‍ നടന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനു ശേഷം വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ റൂബിയോ ഇക്കാര്യം വ്യക്തമാക്കി. “അനുയോജ്യമായ സമയത്ത്, അതായത് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ നിശ്ചയിച്ച ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് നമ്മുടെ പ്രതീക്ഷ,” എന്ന് അദ്ദേഹം പറഞ്ഞു.കരസേനയുടെ സഹായമില്ലാതെ തന്നെ ലക്ഷ്യങ്ങൾ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റൂബിയോ വിശദീകരിച്ചു. എന്നിരുന്നാലും സാഹചര്യം മാറുന്നതിനനുസരിച്ച് പ്രസിഡന്റിന് ആവശ്യമായ തീരുമാനം എടുക്കാൻ വേണ്ടി ചില സൈനിക യൂണിറ്റുകളെ മേഖലയില്‍ വിന്യസിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ആയിരക്കണക്കിന് മറീനുകള്‍ അടങ്ങുന്ന രണ്ട് സംഘങ്ങളെ പശ്ചിമേഷ്യയിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ് അമേരിക്ക. ഇതിൽ ആദ്യ സംഘം മാർച്ച് അവസാനത്തോടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. കൂടാതെ ആയിരക്കണക്കിന് എയർബോണ്‍ സൈനികരെയും പെന്റഗണ്‍ മേഖലയിലേക്ക് വിന്യസിക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.