തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പുറത്തുകൊണ്ടുവന്നതിലുള്ള പകയാണ് തന്നോടുള്ള മുഖ്യമന്ത്രിയുടെ വിരോധത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബിജെപിയുമായും കേന്ദ്രസർക്കാരുമായും പിണറായി വിജയന് രഹസ്യധാരണയുണ്ടെന്നും സതീശൻ ആരോപിച്ചു.
ആർഎസ്എസ് പിന്തുണയോടെയാണ് പിണറായി വിജയൻ വിജയിച്ചത്. മസ്കറ്റ് ഹോട്ടലിലെ അടച്ചിട്ട മുറിയിൽ ആർഎസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിട്ടുണ്ട്. ബിജെപിയുടെ മുന്നിൽ മുഖ്യമന്ത്രി ‘മിടുക്കൻ’ ചമയുകയാണെന്നും സതീശൻ പരിഹസിച്ചു. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപിക്ക് വിജയിക്കാൻ ആവശ്യമായ സാഹചര്യം ഒരുക്കിക്കൊടുത്തത് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ്.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കട്ടവർ ഇപ്പോഴും പാർട്ടി അംഗങ്ങളായി തുടരുകയാണ്. ഇവർക്കെതിരെ നടപടിയെടുത്താൽ മുൻ മന്ത്രിയുടെ പേര് പുറത്തുവരുമെന്ന ഭയമാണ് സിപിഎമ്മിനുള്ളത്. സ്വർണ്ണക്കൊള്ളയിൽ കോൺഗ്രസിനോ യുഡിഎഫിനോ പങ്കില്ല. യുഡിഎഫ് നേതാക്കളെ കേസിൽ കുടുക്കാൻ നടത്തിയ ശ്രമങ്ങൾ വിജിലൻസ് തന്നെ തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.