നേപ്പാളിൽ രാഷ്ട്രീയ ഭൂകമ്പം: മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലി അറസ്റ്റിൽ

കാഠ്മണ്ഡു: ‘ജെൻ സി’ പ്രക്ഷോഭം അടിച്ചമർത്തുന്നതിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെത്തുടർന്ന് നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒലിക്കൊപ്പം മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖാകും കസ്റ്റഡിയിലായിട്ടുണ്ട്. കാഠ്മണ്ഡുവിലെ വസതിയിൽ നിന്നാണ് ഇരുവരേയും ജില്ലാ പോലീസ് റേഞ്ചിലേക്ക് മാറ്റിയത്. ബലേന്ദ്ര ഷായുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ഈ നിർണ്ണായക നീക്കം.

പ്രത്യേക കോടതി ജഡ്ജി ഗൗരി ബഹാദൂർ കാർക്കിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷൻ സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ വർഷം നടന്ന പ്രക്ഷോഭത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും മനുഷ്യാവകാശ ലംഘനങ്ങളുമാണ് ഒലിയെ കുടുക്കിയത്. “നിയമത്തിന് മുന്നിൽ ആരും അതീതരല്ല. നീതി നടപ്പാക്കുക എന്നത് മാത്രമാണ് സർക്കാരിന്റെ ലക്ഷ്യം.”
എന്ന് നേപ്പാൾ ആഭ്യന്തര മന്ത്രി സുഡാൻ ഗുരുങ് പറഞ്ഞു.

സോഷ്യൽ മീഡിയ നിരോധനത്തെത്തുടർന്ന് ആരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യത്തെ സാമ്പത്തിക തകർച്ചയ്ക്കും അഴിമതിക്കുമെതിരെയുള്ള യുവജന മുന്നേറ്റമായി മാറുകയായിരുന്നു. പ്രക്ഷോഭത്തിനിടെയുണ്ടായ സംഘർഷങ്ങളിൽ 19 യുവാക്കൾ ഉൾപ്പെടെ 70-ലധികം പേർക്ക് ജീവൻ നഷ്ടമായി. പാർലമെന്റ് മന്ദിരവും നിരവധി സർക്കാർ ഓഫീസുകളും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയിരുന്നു. പ്രതിഷേധം അനിയന്ത്രിതമായതോടെ കെ.പി. ശർമ ഒലിക്ക് പ്രധാനമന്ത്രി പദം രാജിവെക്കേണ്ടി വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *