ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ ആരംഭിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ തുടരാൻ നയതന്ത്ര ചർച്ചകൾക്ക് ഇന്ത്യ ആഹ്വാനം ചെയ്തു. സാധാരണക്കാരെ പ്രതിസന്ധി ബാധിക്കാതിരിക്കാൻ കൂടുതൽ എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.
രാജ്യത്തെ ഇന്ധന ലഭ്യതയിൽ കുറവുണ്ടാകാതെ നോക്കുക, സാമ്പത്തിക രംഗത്തെ ചലനങ്ങൾ നിരീക്ഷിക്കുകയും വിപണി നിയന്ത്രിക്കുകയും ചെയ്യുക, വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയുക എന്നിവയാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം. രാജ്യത്ത് നിലവിൽ രണ്ടു മാസത്തേക്കുള്ള ഇന്ധന ശേഖരം ഉണ്ടെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാർക്ക് ഉറപ്പുനൽകി.
അതേസമയം, പ്രതിസന്ധി നേരിടാൻ ആഭ്യന്തര എൽപിജി ഉൽപാദനം 40 ശതമാനം വർദ്ധിപ്പിച്ചു. നിലവിൽ പ്രതിദിനം 50 ലക്ഷത്തിലധികം സിലിണ്ടറുകൾ വിതരണം ചെയ്യുന്നുണ്ട്. അവശ്യസാധനങ്ങളുടെ പൂഴ്ത്തിവെപ്പ് തടയാൻ രാജ്യവ്യാപകമായി കർശനമായ പരിശോധനകൾ തുടരുന്നു. കേന്ദ്ര നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി സംസ്ഥാനങ്ങൾ സ്വീകരിച്ച പദ്ധതികൾ സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറി. വരും ദിവസങ്ങളിലും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാനാണ് സർക്കാരിന്റെ തീരുമാനം.