ഇനി ബൂത്തിലെ ക്യൂ വേണ്ട, വോട്ട് വീട്ടിലെത്തും; മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും കൈത്താങ്ങായി ‘ഹോം വോട്ടിങ്’

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് വലിയ ആശ്വാസവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും ഭിന്നശേഷിക്കാർക്കും ഇനി പോളിങ് ബൂത്തിലെ ക്യൂവിൽ നിൽക്കാതെ തന്നെ സ്വന്തം വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താം. ജനാധിപത്യ പ്രക്രിയയിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുന്ന ‘ഹോം വോട്ടിങ്’ സംവിധാനം സംസ്ഥാനത്ത് വ്യാപകമാക്കുകയാണ് കമ്മീഷൻ.85 വയസ്സ് പിന്നിട്ടവർ, 40 ശതമാനത്തിലധികം വൈകല്യമുള്ളവർ (സർട്ടിഫിക്കറ്റ് ഹാജരാക്കണം) എന്നിവർക്കാണ് പദ്ധതി പ്രയോജനപ്പെടുക.

കേരളത്തിൽ ഏകദേശം നാല് ലക്ഷത്തോളം വോട്ടർമാർ ഈ സൗകര്യം പ്രയോജനപ്പെടുത്തുമെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. വീട്ടിലിരുന്ന് വോട്ട് ചെയ്യാൻ താല്പര്യമുള്ളവർ നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. ഫോം 12 ഡി അപേക്ഷാ ഫോം പൂരിപ്പിച്ചാണ് നൽകേണ്ടത്. ബൂത്ത് ലെവൽ ഓഫീസർമാർ നേരിട്ട് വീടുകളിലെത്തി ഫോമുകൾ വിതരണം ചെയ്യുകയും അത് പൂരിപ്പിക്കാൻ ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യും.ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ വഴിയും ഈ ഫോമുകൾ ലഭ്യമാണ്.

പൂർണ്ണമായും രഹസ്യ സ്വഭാവം സൂക്ഷിച്ചുകൊണ്ടും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമായിരിക്കും ഉദ്യോഗസ്ഥർ വീടുകളിലെത്തി വോട്ട് രേഖപ്പെടുത്തുക. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും ഈ സമയത്ത് നിശ്ചിത അകലത്തിൽ സാന്നിധ്യമറിയിക്കാം.

Leave a Reply

Your email address will not be published. Required fields are marked *