മഞ്ചേശ്വരത്തെ പിന്മാറ്റം ‘പോസിറ്റീവ് രാഷ്ട്രീയം’; യു.ഡി.എഫ് നേതാക്കളും ബന്ധപ്പെട്ടെന്ന് എസ്.ഡി.പി.ഐ

കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ പിൻവലിച്ചത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായുള്ള ‘പോസിറ്റീവ് രാഷ്ട്രീയ’ തീരുമാനമാണെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ്. ഈ നീക്കം ഏതെങ്കിലും മുന്നണിയോടുള്ള വിധേയത്വം കൊണ്ടല്ലെന്നും മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.ബി.ജെ.പി ജയിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് വിവിധ മത-സാമൂഹിക സംഘടനകളും മുസ്ലിം കോഡിനേഷൻ കമ്മിറ്റിയും പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നു. സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കളും ബന്ധപ്പെട്ടിരുന്നു. എന്നാൽ ആരെയെങ്കിലും സഹായിക്കാനല്ല, മറിച്ച് ഫാസിസത്തെ തടയാനാണ് ഈ തീരുമാനമെന്ന് പാർട്ടി വ്യക്തമാക്കുന്നു. സംസ്ഥാനത്തെ 95 മണ്ഡലങ്ങളിൽ പാർട്ടിക്ക് നിർണ്ണായക സ്വാധീനമുണ്ടെന്നും മതേതര വോട്ടുകൾ ഭിന്നിക്കരുത് എന്നതാണ് നിലപാടെന്നും ലത്തീഫ് പറഞ്ഞു.മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ പിൻവലിച്ചത് യു.ഡി.എഫിനോ എൽ.ഡി.എഫിനോ ഉള്ള പിന്തുണയായി കാണേണ്ടതില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കണം എന്ന കാര്യത്തിൽ പാർട്ടി പിന്നീട് ഔദ്യോഗിക രാഷ്ട്രീയ തീരുമാനമെടുക്കും. തങ്ങളെ ‘മതേതര പാർട്ടി’യായി മുഖ്യധാരാ സംഘടനകൾ ഇപ്പോൾ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. “ആര് ജയിക്കും തോൽക്കും എന്ന് നോക്കിയല്ല എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ നിർത്തിയത്. ഒരാളെ തോൽപ്പിക്കാൻ മറ്റൊരാളെ സഹായിക്കുന്ന നിലപാട് ഞങ്ങൾക്കില്ലെന്നും” സി.പി.എ. ലത്തീഫ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *