തിരുവനന്തപുരം: കേരളത്തിലെ ഹൈസ്പീഡ് റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മെട്രോമാൻ ഇ. ശ്രീധരൻ ഉന്നയിച്ച അവകാശവാദങ്ങൾ കേന്ദ്രസർക്കാർ തള്ളിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി. പദ്ധതിയിൽ തനിക്ക് ഔദ്യോഗിക പങ്കുണ്ടെന്ന ശ്രീധരന്റെ വാദങ്ങൾ തെറ്റാണെന്ന് കേന്ദ്ര മന്ത്രാലയങ്ങൾ വ്യക്തമാക്കിയതായി അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
കേന്ദ്ര ഹൗസിങ് ആൻഡ് അർബൻ അഫയേഴ്സ് മന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച രേഖകളും റെയിൽവേ മന്ത്രാലയത്തിന്റെ ആർ.ടി.ഐ മറുപടിയും ആധാരമാക്കിയാണ് കൊടിക്കുന്നിൽ സുരേഷ് രംഗത്തെത്തിയത്ഡി.എം.ആർ.സിക്കോ ഇ. ശ്രീധരനോ നിലവിൽ ഹൈസ്പീഡ് റെയിൽ പദ്ധതിയിൽ യാതൊരുവിധ കൺസൾട്ടൻസി, അഡൈ്വസറി അല്ലെങ്കിൽ സാങ്കേതിക ചുമതലകളും നൽകിയിട്ടില്ലെന്ന് കേന്ദ്രം ലോക്സഭയിൽ വ്യക്തമാക്കി.
കേന്ദ്ര നിർദ്ദേശപ്രകാരമാണ് താൻ പ്രവർത്തിക്കുന്നതെന്ന് അവകാശപ്പെട്ട് ശ്രീധരൻ പൊന്നാനിയിൽ ഓഫീസ് തുറന്ന് സർവേ നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ ഇതിന് ഔദ്യോഗിക അംഗീകാരമില്ലെന്നാണ് പുറത്തുവരുന്ന വിവരം. ശ്രീധരന്റെ അടുത്തകാലത്തെ അവകാശവാദങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് പാർലമെന്റിൽ സമർപ്പിക്കപ്പെട്ട ഔദ്യോഗിക രേഖകൾ തെളിയിക്കുന്നതായി എം.പി പറഞ്ഞു.
കേരളത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് ഇ. ശ്രീധരൻ മുന്നോട്ടുവെച്ച ബദൽ നിർദ്ദേശങ്ങൾ വലിയ ചർച്ചയായിരുന്നു. കേന്ദ്രസർക്കാരിന്റെ പൂർണ്ണ പിന്തുണ തനിക്കുണ്ടെന്ന നിലപാടിലായിരുന്നു അദ്ദേഹം. എന്നാൽ കൊടിക്കുന്നിൽ സുരേഷ് പുറത്തുവിട്ട വിവരങ്ങൾ ഈ വിഷയത്തിൽ പുതിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.