ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധകാഹളം മുഴങ്ങുന്നു. അമേരിക്കയുമായും ഇസ്രയേലുമായും നിലനിൽക്കുന്ന സംഘർഷം ഒരു കരയുദ്ധത്തിലേക്ക് നീങ്ങിയാൽ നേരിടാൻ പത്തുലക്ഷത്തിലധികം പോരാളികളെ ഇറാൻ സജ്ജമാക്കിയതായി റിപ്പോർട്ടുകൾ. രാജ്യത്തെ സംരക്ഷിക്കാൻ സൈന്യത്തിനൊപ്പം ചേരാൻ വൻ സന്നദ്ധതയാണ് ഇറാനിയൻ യുവാക്കൾക്കിടയിൽ പ്രകടമാകുന്നത്.
ഇറാനിലെ സൈനിക വിഭാഗങ്ങളായ ഐ.ആർ.ജി.സി, ബസീജ് എന്നിവയുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങൾ ഇപ്പോൾ സജീവമാണ്. ഇറാൻ മണ്ണിൽ കാലുകുത്തുന്ന അമേരിക്കൻ സൈന്യത്തിന് ‘ചരിത്രപരമായ നരകം’ സമ്മാനിക്കുമെന്നാണ് ഇറാനിയൻ വാർത്താ ഏജൻസിയായ തസ്‌നിം റിപ്പോർട്ട് ചെയ്യുന്നത്. മേഖലയിൽ ഇതിനകം തന്നെ ആയിരക്കണക്കിന് സൈനികരെ അമേരിക്ക വിന്യസിച്ചിട്ടുണ്ട്. പ്രശസ്തമായ 82-ാം എയർബോൺ വിഭാഗം ഉടൻ പശ്ചിമേഷ്യയിൽ എത്തും. ചർച്ചകൾ പുരോഗമിക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും, ഇത് പൂർണ്ണമായും തള്ളിക്കളയുകയാണ് ഇറാൻ നേതൃത്വം.
അമേരിക്കൻ സൈന്യം ഇറാൻ മണ്ണിൽ നേരിട്ട് ഇറങ്ങിയാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ടെഹ്‌റാൻ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു. വരും ദിവസങ്ങളിൽ സൈനിക വിന്യാസം വർദ്ധിപ്പിക്കാനാണ് ഇരുപക്ഷത്തിന്റെയും നീക്കം. ഇത് മേഖലയെ ഒരു വൻ യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന ആശങ്ക ശക്തമാണ്.