കൊച്ചി: കേരള സർവകലാശാലയുടെ തിരുവനന്തപുരത്തെ ഭൂമി എ.കെ.ജി സെന്ററിന് കൈമാറിയതിനെതിരെയുള്ള ഹർജിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എ.കെ.ജി സെന്റർ മാനേജ്‌മെന്റിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ഭൂമി കൈമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനും മുൻ സർവകലാശാലാ ജോയിന്റ് രജിസ്ട്രാറുമായ ആർ.എസ്. ശശികുമാർ നൽകിയ ഹർജിയിലാണ് കോടതി നടപടി.
ഭൂമി കൈമാറ്റത്തിൽ വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നത്. ഭൂമി പതിച്ചുനൽകിയതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകൾ സർക്കാരിന്റെ എതിർസത്യവാങ്മൂലത്തിൽ ഇല്ലെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ അഡ്വ. ജോർജ് പൂന്തോട്ടം കോടതിയെ ബോധിപ്പിച്ചു. 1977-ലെ സർക്കാർ ഉത്തരവ് പ്രകാരം 15 സെന്റ് ഭൂമിയാണ് അനുവദിച്ചത്. എന്നാൽ നിലവിൽ 40 സെന്റ് സ്ഥലം എ.കെ.ജി സെന്റർ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് ഹർജിയിൽ ആരോപിക്കുന്നു.
എ.കെ.ജി സെന്റർ ഒരു പഠന ഗവേഷണ സ്ഥാപനമല്ലെന്നും, അതിനാൽ സർവകലാശാലാ ഭൂമി ലഭിക്കാൻ നിയമപരമായി അർഹതയില്ലെന്നുമാണ് മറ്റൊരു പ്രധാന ആരോപണം. വിഷയത്തിൽ വിശദമായ മറുപടി നൽകാൻ നിർദേശിച്ച ഹൈക്കോടതി, കേസ് വീണ്ടും പരിഗണിക്കുന്നതിനായി മേയ് 21-ലേക്ക് മാറ്റി. ഭൂമി കൈമാറ്റത്തിന്റെ രേഖകൾ ഹാജരാക്കാൻ സർക്കാരിനും നിർദ്ദേശമുണ്ട്.