പത്തനംതിട്ട: തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പരാമർശങ്ങളിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി നിലപാട് വ്യക്തമാക്കി.”ഓരോരുത്തർക്കും ഓരോ ശൈലിയുണ്ട്. അതിനനുസരിച്ചായിരിക്കും വാക്കുകൾ ഉപയോഗിക്കുക,” എന്ന് ബേബി പറഞ്ഞു. പിണറായിക്ക് സ്വന്തമായ ഒരു പ്രവർത്തന ശൈലിയുണ്ടെന്നും അത് അച്ചടക്കമുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ പൊതുജനങ്ങളോട് സംസാരിക്കുമ്പോൾ സൂക്ഷ്മതയും കരുതലും വേണമെന്ന് ബേബി ഓർമിപ്പിച്ചു.”ഇത് എല്ലാവർക്കും ബാധകമാണ്.
എങ്കിലും ഓരോരുത്തരുടെയും സ്വന്തം ശൈലി ഉണ്ടാകും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജി. സുധാകരനെതിരെ പിണറായി ഉപയോഗിച്ച ‘ചെറ്റത്തരം’ എന്ന പ്രയോഗം വ്യക്തിയെ ലക്ഷ്യമിട്ടല്ല, മറിച്ച് അദ്ദേഹത്തിന്റെ നിലപാടിനെതിരെയാണെന്നും ബേബി വിശദീകരിച്ചു. ‘വീട്ടിൽ പോയി ചോദിക്ക്’ എന്ന പ്രയോഗത്തെക്കുറിച്ചും ബേബി സമാന നിലപാട് ആവർത്തിച്ചു.
പത്തനംതിട്ടയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ബേബി ഇക്കാര്യങ്ങൾ പറഞ്ഞത്.