ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്‌ക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ കർശന നടപടിക്ക് നിർദ്ദേശം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആലപ്പുഴ ജില്ലാ കളക്ടറോടാണ് നടപടിയെടുക്കാൻ ആവശ്യപ്പെട്ടത്. വിഷയം രാഷ്ട്രീയ ആയുധമാക്കി എൽഡിഎഫ് പ്രതിഷേധം ശക്തമാക്കുകയാണ്. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാതയുടെ നേതൃത്വത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ കായംകുളത്ത് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.
വിവാദ പ്രസ്താവന നടത്തിയ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റും യുഡിഎഫ് കൺവീനറുമായ എ. ഇർഷാദിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഇർഷാദിനെതിരെ ഉടനടി നടപടിയെടുത്തത് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് വിവാദത്തെ പ്രതിരോധിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് എ. ഇർഷാദ് സിറ്റിംഗ് എംഎൽഎ കൂടിയായ യു. പ്രതിഭയുടെ പ്രവർത്തനങ്ങളെ വിമർശിക്കുന്നതിനിടെ അധിക്ഷേപകരമായ പരാമർശം നടത്തിയത്. ഇത് പൊതുരംഗത്തുള്ള മുഴുവൻ സ്ത്രീകൾക്കുമെതിരായ അധിക്ഷേപമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
“മാപ്പ് ഒരിക്കലും അംഗീകരിക്കാനാവില്ല. വ്യക്തിപരമായ അധിക്ഷേപം വലിയ വേദനയുണ്ടാക്കിയെന്ന്” യു. പ്രതിഭ പ്രതികരിച്ചു. എന്നാൽ, തന്റെ പ്രസംഗം അടർത്തിയെടുത്ത് പ്രചരിപ്പിച്ചതാണെന്ന് അവകാശപ്പെട്ട ഇർഷാദ് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. അധിക്ഷേപ പരാമർശത്തെ ഒരു തരത്തിലും പിന്തുണയ്ക്കില്ലെന്നും നിർവ്യാജം ഖേദിക്കുന്നുവെന്നും യുഡിഎഫ് സ്ഥാനാർത്ഥി എം ലിജുവും വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ഉണ്ടായ ഈ വിവാദം വരും ദിവസങ്ങളിൽ മണ്ഡലത്തിൽ വലിയ ചർച്ചയാകുമെന്ന് ഉറപ്പാണ്.