ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം വൈകും; അന്വേഷണസംഘം കൂടുതൽ സമയം തേടിയേക്കും

കൊച്ചി: ശബരിമലയിലെ സ്വർണ്ണപ്പാളികളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണസംഘം കൂടുതൽ സമയം ആവശ്യപ്പെട്ടേക്കും. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിക്കാൻ വൈകുന്നതാണ് അന്വേഷണത്തെ ബാധിക്കുന്നത്. കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കുമ്പോൾ എസ്.ഐ.ടി ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും.

കൊടിമരത്തിലും മറ്റും ഉപയോഗിച്ച സ്വർണ്ണപ്പാളികളുടെ 36 സാമ്പിളുകൾ ജംഷഡ്‌പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലാബോറട്ടറിയിലേക്ക് വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ഇതുവരെ ലഭ്യമായിട്ടില്ല. ലാബ് റിപ്പോർട്ട് ലഭിച്ച ശേഷം പ്രതികളെ ഒരിക്കൽ കൂടി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണസംഘം കരുതുന്നു. 2019 മുതൽ 2025 വരെയുള്ള കാലയളവിലെ ദേവസ്വം ഭരണസമിതികൾ നടത്തിയ മുഴുവൻ ഇടപാടുകളും പരിശോധിക്കാനാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് നൽകിയിട്ടുള്ള നിർദ്ദേശം. ഇത് അന്വേഷണത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.

അതേസമയം, കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. ഇതുവരെ 27 പേരുടെ മൊഴികളാണ് വിജിലൻസ് രേഖപ്പെടുത്തിയിട്ടുള്ളത്. ആദ്യഘട്ട പരിശോധനയിൽ അട്ടിമറി നടന്നിട്ടില്ലെന്നായിരുന്നു നിഗമനമെങ്കിലും, ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്നാണ് ഇപ്പോൾ കൂടുതൽ ശാസ്ത്രീയമായ അന്വേഷണം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *