ടെഹ്റാൻ/വാഷിങ്ടൺ: അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങളിൽ നിർണ്ണായക നീക്കങ്ങളുമായി ഇറാൻ. യുഎസ് മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ രാജ്യം പരിശോധിച്ചുവരികയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി വ്യക്തമാക്കി. എന്നാൽ നിലവിലെ സാഹചര്യത്തിൽ അമേരിക്കയുമായി ഔദ്യോഗിക ചർച്ചകൾക്ക് താല്പര്യമില്ലെന്ന നിലപാടിലാണ് ഇറാൻ.
അതേസമയം, ഇറാൻ ഭരണകൂടം അമേരിക്കയുമായി ഒരു ഒത്തുതീർപ്പിന് ആഗ്രഹിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. നാഷണൽ റിപ്പബ്ലിക്കൻ കോൺഗ്രഷണൽ കമ്മിറ്റിയിൽ സംസാരിക്കവെയായിരുന്നു ട്രംപിന്റെ പരാമർശങ്ങൾ. ഇറാൻ നേതാക്കൾ ഒരു കരാറിനായി അതിയായി ആഗ്രഹിക്കുന്നുണ്ടെന്ന് ട്രംപ് പറയുന്നു. ആഭ്യന്തരവും ബാഹ്യവുമായ പ്രത്യാഘാതങ്ങളെ ഇറാൻ ഭയപ്പെടുന്നു. സ്വന്തം ജനതയിൽ നിന്നോ അല്ലെങ്കിൽ അമേരിക്കയിൽ നിന്നോ വധഭീഷണി ഉണ്ടായേക്കാമെന്ന് ഇറാൻ നേതാക്കൾ ഭയക്കുന്നതായും ട്രംപ് ആരോപിച്ചു.
അമേരിക്കയുമായുള്ള ബന്ധത്തിൽ അയൽരാജ്യങ്ങൾ ജാഗ്രത പാലിക്കണമെന്ന് അബ്ബാസ് അരഗ്ച്ചി മുന്നറിയിപ്പ് നൽകി. ഇതിനു പിന്നാലെ ഇറാൻ പാർലമെന്ററി സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബഫ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തി. “ഒരു അയൽരാജ്യത്തിന്റെ സഹായത്തോടെ ഇറാന്റെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് കൈവശപ്പെടുത്താൻ അമേരിക്ക പദ്ധതിയിടുന്നുണ്ട്. ഈ നീക്കത്തിന് സഹായിക്കുന്ന അയൽരാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഇറാൻ തകർക്കും.” – മുഹമ്മദ് ബാഗർ ഖാലിബഫ് എക്സിൽ കുറിച്ചു. രാജ്യത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അമേരിക്കയെ സഹായിക്കുന്ന പക്ഷം കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന കൃത്യമായ സൂചനയാണ് ഇറാൻ നൽകുന്നത്.