വി.ഡി സതീശൻ നിലപാടുകളുടെ രാജകുമാരൻ; പികെ ശശിയെ വിജയിപ്പിക്കുന്നത് കോൺഗ്രസിന്റെ അന്തസ്സിന്റെ പ്രശ്നമെന്ന് പ്രതിപക്ഷ നേതാവ്

പാലക്കാട്: രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരനാണ് വി.ഡി സതീശനെന്ന് ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർത്ഥി പികെ ശശി. നിയമസഭയിൽ സതീശൻ ഉന്നയിക്കുന്ന വിഷയങ്ങളും അദ്ദേഹത്തിന്റെ വാക്കുകളും താൻ എപ്പോഴും ശ്രദ്ധയോടെയാണ് വീക്ഷിച്ചിരുന്നതെന്നും ശശി പറഞ്ഞു. ഒറ്റപ്പാലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “സതീശേട്ടൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ വരുമോ എന്നതായിരുന്നു എന്റെ ആദ്യത്തെ ആവശ്യം. രാഷ്ട്രീയമായി അപ്പുറവും ഇപ്പുറവും ആയിരുന്നെങ്കിലും ഈ മനുഷ്യനോട് എനിക്ക് അത്രയ്ക്ക് മതിപ്പും ഇഷ്ടവുമാണ്.”വി.ഡി സതീശൻ മറുപടി പ്രസംഗത്തിൽ പികെ ശശിയുടെ വിജയം കേരളത്തിലെ കോൺഗ്രസിന്റെ പ്രെസ്റ്റീജ് ഇഷ്യൂ ആണെന്ന് വി.ഡി സതീശൻ വ്യക്തമാക്കി. നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ സഭയിൽ മുന്നിൽ നിന്ന് നയിക്കാൻ ശശിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാർ അഞ്ച് വർഷം കൊണ്ട് 5 ലക്ഷം വീടുകൾ നൽകി. പത്ത് വർഷം കൊണ്ട് ഇത്രയും വീടുകൾ നൽകിയെന്ന് പറയുന്ന എൽഡിഎഫ് കണക്കുകൾ പുറത്തുവിടാൻ തയ്യാറാകണം.കരുവന്നൂരിലും തൃപ്പൂണിത്തുറയിലും പൂരം കലക്കിയതിലും സിപിഎമ്മും ബിജെപിയും തമ്മിൽ ഒത്തുകളിയുണ്ട്. സുരേഷ് ഗോപിയെ ജയിപ്പിച്ചതിന് പകരമായി ഇഡി കരുവന്നൂർ കേസിൽ നിന്ന് പിന്മാറി. ബിഷപ്പിനെ ‘നികൃഷ്ട ജീവി’ എന്നും പ്രേമചന്ദ്രനെ ‘പരനാറി’ എന്നും വിളിച്ച മുഖ്യമന്ത്രിക്ക് ഭാഷാ പണ്ഡിതനുള്ള അവാർഡ് നൽകണം. ഇത്തരം ഏകാധിപത്യ പ്രവണതകളെ എതിർത്തതുകൊണ്ടാണ് പികെ ശശി ഇപ്പോൾ ഇവിടെ നിൽക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ ഒരു തീവ്ര വലതുപക്ഷ പാർട്ടിയായി മാറിയിരിക്കുകയാണെന്നും ശബരിമലയിലെ സ്വർണ്ണക്കൊള്ള ചർച്ചയാക്കാതിരിക്കാൻ എൻഡിഎയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്നും സതീശൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *