കൊച്ചി: നിയമസഭാ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ കടുത്ത നിരാശയും അമർഷവും പ്രകടിപ്പിച്ച് എൽദോസ് കുന്നപ്പിള്ളി. മത്സരിക്കാനാവില്ലെന്ന കാര്യം നേതൃത്വം നേരത്തെ അറിയിക്കണമായിരുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷം പിന്മാറാൻ ആവശ്യപ്പെട്ടത് തന്നെ വിഷമിപ്പിച്ചുവെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
നേതാക്കളെ പ്രീണിപ്പിക്കുന്നതിനേക്കാൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതിനാണ് താൻ മുൻഗണന നൽകിയതെന്ന് എൽദോസ് പരിഹസിച്ചു. “സീറ്റില്ലെങ്കിൽ ഒരു മാസം മുൻപെങ്കിലും പറയാമായിരുന്നു. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ പിന്മാറാൻ പറയുന്നത്. ജനങ്ങളെ കണ്ട സമയത്ത് നേതാക്കളെ കണ്ടാൽ മതിയായിരുന്നു, എങ്കിൽ എനിക്ക് ഈ അവസ്ഥ വരില്ലായിരുന്നു” എന്ന് കുന്നപ്പിള്ളി പ്രതികരിച്ചു.
വരുംദിവസങ്ങളിൽ തന്റെ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തുമെന്നും എൽദോസ് സൂചിപ്പിച്ചു.എല്ലാം ദൈവത്തിന്റെ നിയോഗമായി കാണുന്നുവെന്ന് പറഞ്ഞ അദ്ദേഹം, പാർട്ടി തീരുമാനത്തിൽ ഉള്ളിലെ നീരസം ഒട്ടും മറച്ചുവെച്ചില്ല. സീറ്റ് നിഷേധിച്ച സാഹചര്യം പ്രവർത്തകർക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്.