കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരം പിടിക്കുമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. തിരുവല്ലയിൽ നടന്ന യുഡിഎഫ് കൺവെൻഷനിൽ ചെന്നിത്തലയെ വേദിയിലിരുത്തിയായിരുന്നു കുര്യന്റെ പരസ്യ പ്രസ്താവന. “യുഡിഎഫ് ജയിക്കുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. ഫലം വരുമ്പോൾ രമേശ് ചെന്നിത്തല തന്നെയായിരിക്കും മുഖ്യമന്ത്രി. പാർട്ടി തീരുമാനിക്കുമെന്ന് രമേശ് പറയുന്നുണ്ടെങ്കിലും എനിക്ക് ഇക്കാര്യത്തിൽ വ്യക്തമായ ബോധ്യമുണ്ട്.” എന്നായിരുന്നു പി ജെ കുര്യന്റെ പ്രസ്താവന.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാർട്ടിയിൽ ഭിന്നതയില്ലെന്ന് വരുത്തിത്തീർക്കാൻ ഔദ്യോഗിക നേതൃത്വം ശ്രമിക്കുന്നതിനിടെയാണ് കുര്യന്റെ ഈ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആയിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ഥാനമാനങ്ങൾക്കായി താൻ കലഹത്തിനില്ലെന്നും ഒരു വ്യക്തിയെ ഉയർത്തിക്കാട്ടിയല്ല കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എഐസിസിയുടെ നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും മുഖ്യമന്ത്രിയെ നിശ്ചയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.