കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം. ബുധനാഴ്ച നടന്ന ആക്രമണത്തിൽ വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് തീപിടിച്ചതായി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു. മേഖലയിൽ കഴിഞ്ഞ നാല് ആഴ്ചയായി തുടരുന്ന അസ്ഥിരതയുടെ ഭാഗമായി ഇറാൻ നടത്തുന്ന നീക്കങ്ങളുടെ തുടർച്ചയാണിതെന്ന് അധികൃതർ വ്യക്തമാക്കി.
ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിൽ അടിയന്തര സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇന്ധന ടാങ്കിന് തീപിടിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്നും നാശനഷ്ടങ്ങൾ പരിമിതമാണെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. അഗ്നിശമന സേനയും സുരക്ഷാ ഉദ്യോഗസ്ഥരും ഉടനടി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിലവിൽ സാഹചര്യം സുരക്ഷിതമാണെന്ന് അബ്ദുള്ള അൽ രാജി അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ സുരക്ഷാ ഏജൻസികൾ കർശന നിരീക്ഷണം തുടരുകയാണ്.
കുവൈത്ത് വിമാനത്താവളത്തിന് നേരെയുള്ള ഈ പ്രകോപനം ഗൾഫ് മേഖലയിലെ വ്യോമയാന സുരക്ഷയെക്കുറിച്ച് പുതിയ ആശങ്കകൾ ഉയർത്തുന്നുണ്ട്. ഇറാൻ-അമേരിക്കൻ തർക്കം മുറുകുന്ന സാഹചര്യത്തിൽ ഇതര ഗൾഫ് രാജ്യങ്ങളും പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.