തിരുവനന്തപുരം/ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സർക്കുലറിൽ ബിജെപിയുടെ സീൽ പതിഞ്ഞതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. വിവാദ ചിത്രം പങ്കുവെച്ച 270 എക്സ് ഹാൻഡിലുകൾക്കും നൂറുകണക്കിന് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കും കേരള പോലീസ് നോട്ടീസ് അയച്ചു. വിവാദ പോസ്റ്റുകൾ നീക്കം ചെയ്യാൻ പോലീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
200 ഫേസ്ബുക്ക് പേജുകൾക്കും 90 ഇൻസ്റ്റാഗ്രാം ഐഡികൾക്കും നോട്ടീസ് നൽകി. പല പോസ്റ്റുകളും ഇതിനോടകം നീക്കം ചെയ്യപ്പെട്ടു. നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും എക്സ് പ്ലാറ്റ്‌ഫോമിൽ നിന്ന് പോസ്റ്റുകൾ പൂർണ്ണമായി നീക്കം ചെയ്തിട്ടില്ല. പോലീസിനെ ഉപയോഗിച്ച് വിയോജിപ്പുകളെ അടിച്ചമർത്താനും ഉപയോക്താക്കളെ നിശബ്ദരാക്കാനുമുള്ള നീക്കമാണ് നടക്കുന്നതെന്ന് ഡിജിറ്റൽ അവകാശ പ്രവർത്തകർ കുറ്റപ്പെടുത്തുന്നു.
അതേസമയം, പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഈ വിഷയം ശക്തമായ രാഷ്ട്രീയ ആയുധമാക്കി മാറ്റി. “തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ചട്ടുകമായി മാറുന്നു എന്ന ഞങ്ങളുടെ ആരോപണം ശരിയാണെന്ന് ഈ സംഭവം തെളിയിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷത തകർന്നു”വെന്ന് ടിഎംസി നേതൃത്വം പ്രതികരിച്ചു. ബംഗാളിലെ തിരഞ്ഞെടുപ്പ് റാലികളിൽ കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്തുകൊണ്ട് ടിഎംസി ഈ വിഷയം വ്യാപകമായി ഉയർത്തുന്നുണ്ട്.
സംഭവത്തിൽ മാപ്പ് പറയുന്നതിന് പകരം വിമർശിക്കുന്നവർക്കെതിരെ കേസെടുക്കുന്ന സർക്കാർ നടപടിയെ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു. “ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണിത്. ഇതൊരു സാങ്കേതിക പിഴവായി കാണാനാവില്ല,” എന്ന് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാഥെ പ്രതികരിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയുടെ അടയാളം ഔദ്യോഗിക രേഖയിൽ വന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ പൊതുനിലപാട്.