ടെഹ്‌റാൻ: സമാധാന ചർച്ചകൾക്കിടയിലും പശ്ചിമേഷ്യയിൽ ആക്രമണങ്ങൾ തുടരുന്നു. ഇറാന്റെ സുപ്രധാനമായ ബുഷെഹർ ആണവനിലയത്തിന് സമീപം അമേരിക്കയും ഇസ്രയേലും ലക്ഷ്യമിട്ട് സ്ഫോടനം നടന്നതായി റിപ്പോർട്ട്. ആണവനിലയത്തിന് സാങ്കേതികമായ തകരാറുകളോ ആളപായമോ സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. പ്ലാന്റിന് സമീപം ഒരു പ്രൊജക്‌ടൈൽ പതിച്ചതായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി സ്ഥിരീകരിച്ചു.
പ്ലാന്റിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണെന്നും ജീവനക്കാർക്ക് പരിക്കേറ്റിട്ടില്ലെന്നും ഇറാൻ അറിയിച്ചു. മാർച്ച് 17-നും സമാനമായ രീതിയിൽ ഇവിടെ ആക്രമണശ്രമം നടന്നിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ആണവനിലയത്തിന് നേരെ നീക്കമുണ്ടാകുന്നത്. ആണവ സുരക്ഷ അപകടത്തിലാക്കുന്ന നീക്കങ്ങളിൽ നിന്ന് എല്ലാ കക്ഷികളും പിന്തിരിയണമെന്നും പരമാവധി സംയമനം പാലിക്കണമെന്നും ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ മരിയാനോ ഗ്രോസി ആവശ്യപ്പെട്ടു.
മേഖലയിലെ സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയായി അമേരിക്ക വൻതോതിൽ സൈനികരെ വിന്യസിക്കാൻ ഒരുങ്ങുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ സൈന്യത്തിലെ അതിപ്രശസ്തമായ ’82-ാം എയർബോൺ ഡിവിഷനിൽ’ നിന്നുള്ള ആയിരക്കണക്കിന് സൈനികരെ പശ്ചിമേഷ്യയിലേക്ക് അയക്കാൻ പെന്റഗൺ പദ്ധതിയിടുന്നു. മേഖലയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും പ്രതിരോധം ശക്തമാക്കുന്നതിനുമാണ് ഈ നീക്കമെന്നാണ് സൂചന.