ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധസമാനമായ സാഹചര്യം ഇന്ത്യയുടെ ഊർജ മേഖലയിലുണ്ടാക്കുന്ന ആഘാതം ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന് വൈകിട്ട് അഞ്ചിന് ചേരും. കോവിഡിന് സമാനമായ വെല്ലുവിളിയാണ് രാജ്യം നേരിടുന്നതെന്നും കക്ഷിരാഷ്ട്രീയ ഭേദമന്യേ ഇതിനെ പ്രതിരോധിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ ആഹ്വാനം ചെയ്തു.
പൈപ്പ്‌ലൈൻ ഗ്യാസ് കണക്ഷനുകൾക്കുള്ള അനുമതി ഇനി മുതൽ അതിവേഗം നൽകും. ചെറിയ ശൃംഖലകൾക്ക് 10 ദിവസവും വലിയ പൈപ്പ്‌ലൈനുകൾക്ക് 60 ദിവസവുമാണ് സമയപരിധി. നിശ്ചിത സമയത്തിനുള്ളിൽ ഭരണകൂടങ്ങൾ അനുമതി നൽകിയില്ലെങ്കിൽ അത് ലഭിച്ചതായി കണക്കാക്കി നിർമ്മാണം തുടരാം. പൈപ്പ്‌ലൈൻ ഗ്യാസ് സൗകര്യം ലഭ്യമായിട്ടും കണക്ഷൻ എടുക്കാത്തവർക്ക് നിലവിലുള്ള പാചകവാതക സിലിണ്ടർ വിതരണം നിർത്തിവെക്കാൻ ഉത്തരവ് ശിപാർശ ചെയ്യുന്നു.
രാജ്യത്തുടനീളം പ്രകൃതിവാതകത്തിന് സുതാര്യവും ഏകീകൃതവുമായ നിരക്കുകൾ നടപ്പിലാക്കും. ഊർജ പ്രതിസന്ധിക്ക് പുറമെ രാഷ്ട്രീയമായും നിർണായകമായ ദിനമാണ് ഇന്ന് പാർലമെന്റിന്. പശ്ചിമേഷ്യൻ വിഷയത്തിൽ കേവലം പ്രസ്താവനകൾക്കപ്പുറം വിശദമായ സംവാദം വേണമെന്ന നിലപാടിലാണ് പ്രതിപക്ഷം. പ്രധാനമന്ത്രിയുടെയും പ്രതിരോധ മന്ത്രിയുടെയും നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗങ്ങളുടെ തുടർച്ചയായാണ് ഇന്നത്തെ സർവകക്ഷിയോഗം.