‘ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുക്കെട്ട്; പത്തോളം മണ്ഡലങ്ങളിൽ ഡീൽ’: വിഡി സതീശൻ

എറണാകുളം: സംസ്ഥാനത്തെ കൂടുതൽ മണ്ഡലങ്ങളിൽ ബിജെപിയും സിപിഎമ്മും തമ്മിൽ തിരഞ്ഞെടുപ്പ് ധാരണയുണ്ടെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മഞ്ചേശ്വരം, കോന്നി, റാന്നി ഉൾപ്പെടെ പത്തോളം മണ്ഡലങ്ങളിൽ ഈ ‘ഡീൽ’ നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ ധാരണയെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചതിന് പിന്നാലെയാണ് കൂടുതൽ മണ്ഡലങ്ങളുടെ പേരെടുത്ത് പറഞ്ഞ് സതീശൻ രംഗത്തെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വാഹനം ഒഴിവാക്കി ആർഎസ്എസ് നേതാക്കളുമായി ചർച്ചയ്ക്ക് പോയ ആളാണെന്ന് സതീശൻ ആരോപിച്ചു. 1977-ൽ ആർഎസ്എസ് വോട്ട് വാങ്ങി വിജയിച്ച ചരിത്രമാണ് അദ്ദേഹത്തിനുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തൃശൂരിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ ഇഡി അന്വേഷണം ഒതുക്കിത്തീർക്കാനാണ് സിപിഎം സീറ്റ് വിട്ടുകൊടുത്തത്. ഇടതുസ്ഥാനാർത്ഥി വിഎസ് സുനിൽകുമാറിന് ന്യൂനപക്ഷ വോട്ടുകൾ ലഭിച്ചിട്ടും സ്വന്തം പാർട്ടിയായ സിപിഎമ്മിന്റെ വോട്ടുകൾ ലഭിച്ചില്ല എന്നത് ഈ ഡീലിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് രാഷ്ട്രീയ പശ്ചാത്തലമില്ലെന്ന ഇടത് വിമർശനത്തെ വിഡി സതീശൻ പരിഹസിച്ചു. “കൊല്ലത്ത് മത്സരിക്കുമ്പോൾ മുകേഷ് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നോ?” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *