തിരുവനന്തപുരത്ത് എൽഡിഎഫ് സർപ്രൈസ്; സുധീർ കരമന ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രശസ്ത നടനും സാംസ്കാരിക പ്രവർത്തകനുമായ സുധീർ കരമനയെ പ്രഖ്യാപിച്ചു. ഇടത് സ്വതന്ത്രനായാണ് അദ്ദേഹം ജനവിധി തേടുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ എകെജി സെന്ററിലെത്തിയ അദ്ദേഹം സി‌പി‌എം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

“തിരുവനന്തപുരത്ത് ജനിച്ചു വളർന്ന ഒരാളെന്ന നിലയിൽ മണ്ഡലത്തിലെ ഓരോ മുക്കും മൂലയും എനിക്ക് സുപരിചിതമാണ്. ഈ ദൗത്യം വളരെ സന്തോഷത്തോടെയാണ് ഏറ്റെടുക്കുന്നത്” എന്നായിരുന്നു സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷമുള്ള സുധീറിന്റെ പ്രതികരണം. സിനിമയും രാഷ്ട്രീയവും രണ്ടായി കാണണം. ഒരു അധ്യാപകൻ കൂടിയായ തനിക്ക് സമൂഹത്തിനിടയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള വലിയൊരു അവസരമായാണ് ഈ സ്ഥാനാർത്ഥിത്വത്തെ കാണുന്നത്. എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ തിരുവനന്തപുരം സെൻട്രൽ വലിയ ഭൂരിപക്ഷത്തോടെ തന്നെ നിലനിർത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തൊണ്ടിമുതൽ കേസിൽ സുപ്രീം കോടതി വിധി തിരിച്ചടിയായതോടെ സിറ്റിങ് എംഎൽഎയായ ആന്റണി രാജുവിന് ഇത്തവണ മത്സരിക്കാൻ കഴിയാതെ വന്നതോടെയാണ് എൽഡിഎഫ് ഇടപെട്ട് സുധീർ കരമനയെ രംഗത്തിറക്കിയത്. സിഎംപിയുടെ സിപി ജോണ്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപി കൂടി തങ്ങളുടെ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ തലസ്ഥാന നഗരിയിൽ അതിശക്തമായ ത്രികോണ പോരാട്ടത്തിനാകും കളമൊരുങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *