ന്യൂഡൽഹി: ബലാത്സംഗക്കേസിൽ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. കേസിൽ അതീവ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ പത്തോളം പേർ രാഹുലിന്റെ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഹർജിയിൽ ആരോപിക്കുന്നു.
പരാതിക്കാരിയുടെ അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ കഴിഞ്ഞ ദിവസം കേസിന് ആസ്പദമായ ചില സുപ്രധാന രേഖകൾ മുദ്രവെച്ച കവറിൽ സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറി. ഈ രേഖകളുടെ ഉള്ളടക്കം നിലവിൽ രഹസ്യമാണ്. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ബുധനാഴ്ച ഹർജിയിൽ വാദം കേൾക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന് ലഭിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് ആദ്യ പരാതിക്കാരിയുടെ ആവശ്യം. രാഹുലിനെതിരെ സമാനമായ മറ്റ് പരാതികൾ നിലവിലുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
പരാതിക്കാരിക്ക് പുറമെ, പ്രായപൂർത്തിയാകാത്ത ഒരു കുട്ടി ഉൾപ്പെടെ പത്തോളം പേരെ എം.എൽ.എ പീഡിപ്പിച്ചിട്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു. ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം കേസ് അന്വേഷണത്തെ ബാധിക്കുമെന്നും അത് റദ്ദാക്കണമെന്നുമാണ് പരാതിക്കാരിയുടെ പ്രധാന ആവശ്യം. കേസുമായി ബന്ധപ്പെട്ട പുതിയ തെളിവുകൾ അടങ്ങിയ മുദ്രവെച്ച കവർ കോടതി പരിശോധിക്കുന്നത് കേസിൽ നിർണ്ണായകമാകും.