ഇറാനെതിരായ സൈനിക നീക്കം അവസാനിപ്പിക്കാൻ ട്രംപ്; ചർച്ചകൾക്ക് വഴിതുറക്കുന്നു

വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക പോരാട്ടം നിർണ്ണായക ഘട്ടത്തിലെത്തിയതായും ലക്ഷ്യങ്ങൾ ഏകദേശം പൂർത്തിയായതായും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മേഖലയിലെ സുരക്ഷാ ഉത്തരവാദിത്തങ്ങളിൽ നിന്ന് പിൻവാങ്ങുന്നതിന്റെയും ചർച്ചകൾക്ക് തുടക്കമിടുന്നതിന്റെയും സൂചനകളാണ് ട്രംപിന്റെ വാക്കുകളിലുള്ളത്.

ഇറാൻ ഭരണകൂടവുമായി ചർച്ചകൾ നടത്താൻ അമേരിക്ക സന്നദ്ധമാണ്. എന്നാൽ ഇത് പൂർണ്ണമായ വെടിനിർത്തലായി ഇപ്പോൾ കരുതേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ശത്രുപക്ഷം ദുർബലമായ സാഹചര്യത്തിൽ ഇപ്പോൾ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിൽ അർത്ഥമില്ലെന്നാണ് ട്രംപിന്റെ നിലപാട്. ലോകത്തിലെ പ്രധാന വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷാ ഉത്തരവാദിത്തം അത് ഉപയോഗിക്കുന്ന രാജ്യങ്ങൾ തന്നെ ഏറ്റെടുക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. മേഖലയിൽ സൈന്യത്തെ വിന്യസിക്കാൻ മടിക്കുന്ന നാറ്റോ സഖ്യകക്ഷികളുടെ നിലപാടിനെ ‘ഭീരുത്വം’ എന്നും ട്രംപ് വിശേഷിപ്പിച്ചു.

ഇറാനെതിരായ നീക്കങ്ങളിൽ നിന്ന് അമേരിക്ക പിന്മാറുന്നു എന്ന സൂചനകൾക്കിടയിലും മേഖലയിൽ സംഘർഷം തുടരുകയാണ്. സൗദി അറേബ്യ ലക്ഷ്യമാക്കി ഇറാൻ നടത്തിയ 59 ഡ്രോൺ ആക്രമണങ്ങൾ പ്രതിരോധ മന്ത്രാലയം പരാജയപ്പെടുത്തി. ഇതിനിടെ തുർക്കി, ഒമാൻ എന്നിവിടങ്ങളിൽ നടന്ന ആക്രമണങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *