തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാരെ മത്സരിപ്പിക്കരുതെന്ന ഹൈക്കമാന്റിന്റെ തീരുമാനം വന്നതോടെ കെ. സി. വേണുഗോപാൽ, അടൂർ പ്രകാശ്, കെ. സുധാകരൻ തുടങ്ങിയവർക്കിടയിൽ അസ്വസ്ഥത ഉടലെടുത്തിരുന്നു. ഇതിൽ ഏറ്റവും ശക്തമായ നിലപാട് സ്വീകരിച്ചത് കെ. സുധാകരനായിരുന്നു. പാർട്ടി വിടുമെന്നും സ്വതന്ത്രനായി മത്സരിക്കുമെന്നും ഉൾപ്പെടെ ശക്തമായ സമ്മർദ്ദം അദ്ദേഹം ചെലുത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ എ.കെ. ആന്റണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ ഇടപെടലിനെത്തുടർന്ന് ഹൈക്കമാന്റ് നിലപാട് മാറ്റി. കണ്ണൂർ മണ്ഡലത്തിൽ നിന്ന് സുധാകരനെ മത്സരിപ്പിക്കാൻ അനുവദിക്കുമെന്നാണ് ഇപ്പോഴത്തെ സൂചനകൾ. മാർക്സിസ്റ്റ് പാർട്ടിക്കെതിരെ കണ്ണൂരിൽ ശക്തമായ പോരാട്ടം നടത്തിയ നേതാവാണെന്ന് ആന്റണി പരാമർശിച്ച് പാർട്ടി തീരുമാനം അനുസരിക്കണമെന്ന് അഭ്യർത്ഥിച്ചെങ്കിലും, ഒടുവിൽ സുധാകരന്റെ ആവശ്യത്തിന് വഴങ്ങുകയായിരുന്നു.
ഇതോടെ അടൂർ പ്രകാശും രംഗത്തെത്തി. സുധാകരന് ഇളവ് നൽകുമെങ്കിൽ തനിക്കും കോന്നിയിൽ മത്സരിക്കാൻ അവസരം വേണമെന്നും, ഇല്ലെങ്കിൽ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാന്റിന്റെ ഇടപെടലോടെ സുധാകരന്റെ പ്രശ്നം പരിഹരിക്കപ്പെട്ടെങ്കിലും, മറ്റ് എംപിമാരും സമാന ആവശ്യവുമായി രംഗത്തെത്തുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. എന്നാൽ ഇപ്പോഴത്തെ റിപ്പോർട്ടുകൾ പ്രകാരം കണ്ണൂരിൽ സുധാകരനും കോന്നിയിൽ അടൂർ പ്രകാശിനും ഇളവ് നൽകാനുള്ള നീക്കങ്ങളാണ് നടക്കുന്നത്, ഇത് പാർട്ടിയിലെ പ്രതിസന്ധി ഒരു പരിധിവരെ ലഘൂകരിക്കുമെന്നാണ് സൂചന.