“കോൺഗ്രസ് പടപാളയത്തിൽ; ഈ സ്ഥാനാർത്ഥി നിർണ്ണയം തകർച്ചയുടെ തുടക്കം”: എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ സ്ഥാനാർത്ഥി നിർണ്ണയ തർക്കങ്ങളെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വലിയ ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയ യുഡിഎഫ് ഇപ്പോൾ സ്വന്തം പടപാളയത്തിൽ കലഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ വലിയ തകർച്ചയ്ക്ക് ഈ തിരഞ്ഞെടുപ്പ് തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ബലാബലത്തിന് നിൽക്കാം എന്ന് കരുതി വന്നവർ പടപാളയത്തിലാണ് ഇപ്പോഴുള്ളത്. എംപിമാർക്കെല്ലാം മത്സരിക്കണം എന്ന വാശിയാണ്. സുധാകരന്റെ കാര്യത്തിൽ എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം.” എൽഡിഎഫിൽ പ്രഖ്യാപിക്കാനുള്ള ബാക്കി സ്ഥാനാർത്ഥികളെ ഇന്ന് തന്നെ പ്രഖ്യാപിക്കും. വി. അബ്ദുറഹ്മാൻ സ്വതന്ത്രനാണെന്നും എവിടെ മത്സരിക്കണമെന്ന് അദ്ദേഹത്തിന് തീരുമാനിക്കാമെന്നും ഗോവിന്ദൻ വ്യക്തമാക്കി.

കണ്ണൂരിലെ വിമത സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം തന്ത്രപരമായി ഒഴിഞ്ഞുമാറി. എങ്കിലും ഇടതുപക്ഷത്തെ ചില പ്രശ്നങ്ങൾ ഗൗരവമായി പരിശോധിക്കുമെന്ന് അദ്ദേഹം സമ്മതിച്ചു. “മൂന്നാം ടേം ലക്ഷ്യമിടുന്നത് ആർക്കെങ്കിലും മുഖ്യമന്ത്രിയോ മന്ത്രിയോ ആകാനല്ല, മറിച്ച് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണ്” എന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *