കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശമുയർത്തി ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് അദ്ദേഹം പത്രിക നൽകുക. കണ്ണൂർ ജില്ലയിൽ ആദ്യമായി പത്രിക സമർപ്പിക്കുന്ന സ്ഥാനാർത്ഥി കൂടിയാണ് മുഖ്യമന്ത്രി.
ധർമ്മടം മണ്ഡലത്തിൽ നിന്നും ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ജനവിധി തേടുന്നത്. പത്തനാപുരം ഗാന്ധി ഭവൻ അന്തേവാസികൾ സമാഹരിച്ചു നൽകിയ തുകയാണ് മുഖ്യമന്ത്രി കെട്ടിവെക്കാനായി ഉപയോഗിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷം ഇത്തവണ മണ്ഡലത്തിൽ ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽഡിഎഫ് ക്യാമ്പ്. പാർട്ടി നേരിടുന്ന ചില ആഭ്യന്തര പ്രശ്നങ്ങളും വിമത ഭീഷണികളും മറികടന്ന് മുന്നോട്ട് പോകുക എന്നതാണ് സിപിഐഎമ്മിന് മുന്നിലുള്ള പ്രധാന ദൗത്യം.